കൊൽക്കത്ത: രാജ്യത്തെ നടുക്കിയ ബലാത്സംഗ കൊലപാതകം നടന്ന ആർജി കർ മെഡിക്കൽ കോളജിലെ വിദ്യാർഥിനി താമസസ്ഥലത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. ഇരുപതുകാരിയായ എംബിബിഎസ് വിദ്യാർഥിനിയെയാണ് കമർഹാടിയിലെ ഇഎസ്‌ഐ ക്വാർട്ടേഴ്‌സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇഎസ്‌ഐ ആശുപത്രിയിലെ ഡോക്ടറായ അമ്മയോടൊപ്പമാണ് വിദ്യാർഥിനി താമസിച്ചിരുന്നത്. യുവതിയുടെ അമ്മ മുറിയുടെ വാതിലിൽ നിരവധി തവണ മുട്ടിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് വാതിൽ തള്ളിത്തുറന്നപ്പോഴാണ് മകളെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. അയൽവാസികളുടെ സഹായത്തോടെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകളുടെ മരണത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടില്ല. യുവതിയുടെ മുറിയിൽനിന്ന് ആത്മഹത്യകുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)





