അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഉന്നത സൈനികോദ്യോഗസ്ഥരുമായി വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ നടത്തിയ യോഗത്തിലേക്ക് അനുമതിയില്ലാതെ കയറിച്ചെന്ന് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ്. തുടര്‍ന്ന് സക്കര്‍ബെര്‍ഗിനോട് ഓവല്‍ ഓഫീസിന്റെ പുറത്തുപോകാന്‍ നിര്‍ദേശിച്ചുവെന്നും രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം എപ്പോഴാണ് ഈ സംഭവം നടന്നതെന്ന കാര്യം വ്യക്തമല്ല.
എയര്‍ഫോഴ്സിന്റെ നെക്സ്റ്റ് ജനറേഷന്‍ ഫൈറ്റര്‍ ജെറ്റ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ സക്കര്‍ബെര്‍ഗ് കടന്നുവന്നത് കണ്ട് ഉന്നത സൈനികോദ്യോഗസ്ഥര്‍ ഞെട്ടിയെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഈ യോഗത്തില്‍ പങ്കെടുക്കാനുള്ള സുരക്ഷാ അനുമതി ഇല്ലാത്തയാളാണ് സക്കര്‍ബെര്‍ഗ് എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ ഞെട്ടലിന് കാരണം. തുടര്‍ന്ന് സക്കര്‍ബെര്‍ഗിനോട് യോഗം നടക്കുന്ന മുറിക്ക് പുറത്തിറങ്ങാനും ഓവല്‍ ഓഫീസിന് പുറത്ത് കാത്തുനില്‍ക്കാനും ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, സക്കര്‍ബെര്‍ഗിനോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടുവെന്ന തരതത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് വൈറ്റ് ഹൗസിലെ ഉന്നതോദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ അഭ്യര്‍ഥന പ്രകാരം, അഭിവാദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സക്കര്‍ബെര്‍ഗ് കടന്നുചെന്നത്. തുടര്‍ന്ന് തിരിച്ചിറങ്ങിവന്ന് പ്രസിഡന്റുമായുള്ള തന്റെ കൂടിക്കാഴ്ചയ്ക്ക് വേണ്ടി കാത്തിരുന്നു. സൈനികോദ്യോഗസ്ഥര്‍ക്കു ശേഷമായിരുന്നു ട്രംപ്-സക്കര്‍ബെര്‍ഗ് കൂടിക്കാഴ്ച നിശ്ചയിക്കപ്പെട്ടിരുന്നതെന്നും വൈറ്റ് ഹൗസ് പ്രതിനിധി കൂട്ടിച്ചേര്‍ത്തു.