വിക്ടോറിയ : കൺസർവേറ്റീവ് പാർട്ടിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ലോൺ ഡോർക്സൺ നയിക്കുന്ന ടോറി നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രണ്ട് ഘട്ടങ്ങളിലായി ആയിരിക്കും 64 കൺസർവേറ്റീവ് പാർട്ടി നിയമസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നത്.
പ്രീമിയറായി ചുമതലയേൽക്കാൻ പോകുന്ന ഡോർക്സൺ ഉൾപ്പെടെയുള്ള ആദ്യ സംഘം നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഉച്ചകഴിഞ്ഞ് 3:30-ന് നിയമസഭാ ചേംബറിൽ നടക്കും. തുടർന്ന് രണ്ടാമത്തെ സംഘത്തിന്റെ ചടങ്ങ് വൈകുന്നേരം 6 മണിക്ക് നടക്കുമെന്നും ക്ലർക്കിന്റെ ഓഫീസ് അറിയിച്ചു. വെള്ളിയാഴ്ച വിക്ടോറിയയിലെ ഗവൺമെൻ്റ് ഹൗസിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ലോൺ ഡോർക്സൺ ഔദ്യോഗികമായി പ്രീമിയറായി ചുമതലയേൽക്കും. ചടങ്ങിൽ അദ്ദേഹം തന്റെ ആദ്യ മന്ത്രിസഭയെയും പ്രഖ്യാപിക്കും.
അപ്രതീക്ഷിതമായി നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രീൻ പാർട്ടി അംഗങ്ങളായ എമിലി ലോവൻ, ജെറമി വാലരിയോട്ട് എന്നിവർ നവംബർ 23-ന് എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്യും. പ്രതിപക്ഷത്തുള്ള 27 ‘ന്യൂ ഡെമോക്രാറ്റ്’ (NDP) അംഗങ്ങൾ നവംബർ 26-നായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക.
നിലവിലെ പ്രീമിയർ ഡേവിഡ് എബിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.പി (NDP) സർക്കാർ പരാജയപ്പെട്ടതിനെത്തുടർന്ന്, നിയമസഭയുടെ ശരത്കാല സമ്മേളനം (fall session) ഉണ്ടാകുമോ എന്ന കാര്യത്തിൽ ഡോർക്സൺ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. എന്നാൽ, ഇപ്പോൾ പുറത്തിറക്കിയ പ്രസ്താവനയിൽ, ശരത്കാല സമ്മേളനം ഉണ്ടാകില്ലെന്ന് കൺസർവേറ്റീവ് പാർട്ടി വ്യക്തമാക്കി.








