സെന്റ് ജോണ്‍സ്: കാട്ടുതീ നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തീപിടിത്തത്തില്‍ നിരവധി വീടുകള്‍ കത്തി നശിച്ചതിനെത്തുടര്‍ന്ന് ജനങ്ങളെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
സ്‌മോള്‍ പോയിന്റ്, ബ്രോഡ് കോവ്, ബ്ലാക്ക്‌ഹെഡ്, ആഡംസ് കോവ് എന്നീ ടൗണുകളുടെ ഭാഗമായ ആഡംസ് കോവിലാണ് അടിയന്തരാവസ്ഥ നിലവിലുള്ളത്. കാട്ടുതീയില്‍ ചില വീടുകള്‍ നശിച്ചതായും എന്നാല്‍ എല്ലാവരും സുരക്ഷിതരാണെന്നും ടൗണ്‍ കൗണ്‍സിലര്‍ സൂസന്‍ റോസ് ഫേസ്ബുക്കില്‍ കുറിച്ചു . ആഡംസ് കോവിനും സമീപ പ്രദേശമായ വെസ്റ്റേണ്‍ ബേ കമ്മ്യൂണിറ്റിക്കുമിടയില്‍ തീ പടരുന്നതിനാല്‍ കേവ് ലെയ്നിന് നോര്‍ത്തിലുള്ള ആഡംസ് കോവിലെ ആളുകളോട് ഒഴിയാന്‍ അധികൃതര്‍ ഉത്തരവിട്ടു.
ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോറിലെ ഈ വര്‍ഷത്തെ കാട്ടുതീ സീസണ്‍ ഏപ്രില്‍ 24 മുതല്‍ ആരംഭിച്ചു. 2024 ജൂലൈയില്‍, ലാബ്രഡോറില്‍ ഉണ്ടായ വന്‍ കാട്ടുതീ കാരണം ഏഴായിരത്തോളം ആളുകളെ ഒഴിപ്പിച്ചിരുന്നു. 14,000 ഹെക്ടറോളം ഭൂപ്രദേശമാണ് കത്തിനശിച്ചത്.