നിങ്ങളുടെ ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI) കാർഡ് നഷ്ടപ്പെട്ടാൽ ഉടൻ നടപടി സ്വീകരിക്കേണ്ടതാണെന്ന് വിദഗ്ധർ പറയുന്നു. കാർഡ് നഷ്ടമായാൽ ആദ്യം പോലീസ് പരാതി നൽകുകയാണ് വേണ്ടത്. തുടർന്ന് ഇന്ത്യൻ സർക്കാരിൻ്റെ OCI Miscellaneous Services പോർട്ടലിൽ ഓൺലൈനായി ഡ്യൂപ്ലിക്കേറ്റ് കാർഡിന് അപേക്ഷിക്കാം. അമേരിക്കയിൽ നിന്നാണ് അപേക്ഷിക്കുന്നതെങ്കിൽ 100 ഡോളറാണ് ഫീസ്, ഇന്ത്യയിൽ നിന്നാണെങ്കിൽ ₹5,170 രൂപയും നല്കണം.
ഒരു പുതിയ ഫോട്ടോ, ഒപ്പ്, ആവശ്യമായ രേഖകൾ എന്നിവ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം.പിന്നീട്, അപേക്ഷയുടെ പ്രിൻ്റഡ് കോപ്പിയും ഒറിജിനൽ രേഖകളും സമീപത്തെ ഇന്ത്യൻ മിഷൻ, പോസ്റ്റ്, അല്ലെങ്കിൽ FRRO-ലേക്ക് അയക്കണം. സാധാരണയായി,ഒരു മാസത്തിനുള്ളിൽ ഡ്യൂപ്ലിക്കേറ്റ് OCI കാർഡ് ലഭിക്കും. OCI കാർഡ് ഇന്ത്യയിൽ വിസയില്ലാതെ താമസിക്കാനും യാത്ര ചെയ്യാനും വിദേശ ഇന്ത്യൻ വംശജർക്കുള്ള പ്രധാന രേഖയാണ്. കൃഷിയിടം ഒഴികെയുള്ള സ്വത്ത് സ്വന്തമാക്കാനും FRRO-യിൽ രജിസ്റ്റർ ചെയ്യാതെ നീണ്ട താമസത്തിനും ഇത് സഹായിക്കുന്നു.
അമേരിക്കയിലാണെങ്കിൽ അപേക്ഷകൾ VFS വഴി സമർപ്പിക്കണം. കാനഡയിൽ BLS International വഴി അപേക്ഷ സമർപ്പിക്കാം; മൊത്തം ചെലവ് ഏകദേശം 140 കനേഡിയൻ ഡോളർ ആയിരിക്കും. ഓരോ രാജ്യങ്ങളുടെയും എംബസി വെബ്സൈറ്റുകൾ വ്യത്യസ്തമായ നിർദ്ദേശങ്ങളായിരിക്കും നൽകുക. ഫീസ്, രേഖകൾ, സമർപ്പണ രീതി എന്നിവക്കായി നിങ്ങളുടെ പ്രദേശത്തെ ഇന്ത്യൻ മിഷൻ്റെ വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്.