ഓട്ടവ: കനേഡിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ബോയിംഗ് ഓർഡർ നൽകിയതായി പ്രഖ്യാപിച്ച് വെസ്റ്റ്‌ജെറ്റ്. 60 737-10 MAX നാരോബോഡി വിമാനങ്ങൾ വാങ്ങുന്നതിനായി ബോയിംഗുമായി കരാറിലെത്തിയതായി കാൽഗറി ആസ്ഥാനമായുള്ള എയർലൈൻ കമ്പനി അറിയിച്ചു. കൂടാതെ, 25 അധിക വിമാനങ്ങൾക്കുള്ള ഓപ്ഷനുകളും ഉണ്ട്. കമ്പനിയുടെ ഗ്രോത്ത് സ്ട്രാറ്റജി മുന്നോട്ട് കൊണ്ടുപോകുന്നതിനനുസരിച്ച് ഏഴ് 787-9 ഡ്രീംലൈനർ വൈഡ്‌ബോഡി വിമാനങ്ങളും ഓർഡറിൽ ഉൾപ്പെടുന്നു.
ഈ ഓർഡർ എയർലൈനിന്റെ നിലവിലെ ഓർഡർ ബുക്ക് 123 വിമാനങ്ങളിലേക്കും 40 ഓപ്ഷനുകളിലേക്കും ഉയർത്തുന്നു. അതേസമയം, വെസ്റ്റ്‌ജെറ്റിന്റെ ഫ്‌ളീറ്റ് ഗ്രോത്ത് പ്ലാൻ 2034 വരെ നീട്ടിയിട്ടുണ്ട്. ഈ വിമാനങ്ങൾ വരുന്നതോടെ കാനഡയിലെ മറ്റ് എയർലൈനിനേക്കാൾ ഏറ്റവും വലിയ ഓർഡർ ബുക്ക് വെസ്റ്റ്‌ജെറ്റിനുണ്ടെന്നും ഡ്രീംലൈനറുകളുടെ എണ്ണം ഇരട്ടിയാക്കുമെന്നും ഇത് തങ്ങളുടെ ഗ്രോത്ത് പ്ലാനുകൾക്ക് സഹായകമാകുമെന്നും വെസ്റ്റ്‌ജെറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അലക്‌സിസ് വോൺ ഹോൻസ്ബ്രൂച്ച് വാർത്താക്കുറിപ്പിൽ പറഞ്ഞു.







