ലണ്ടൻ: ഇന്ത്യയ്ക്കെതിരെ പരിഹാസവുമായി സാമ്പത്തിക കുറ്റവാളി ലളിത് മോദി. പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായി രാജ്യം വിട്ട വിജയ് മല്യയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്ന വിഡിയോ പങ്കുവച്ചാണ് മോദിയുടെ പരിഹാസം.
‘‘ഞങ്ങൾ രണ്ട് പിടികിട്ടാപ്പുള്ളികളാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികൾ’’–ലളിത് മോദി വിഡിയോയിൽ പറയുന്നു. ഇതു കൂടാതെ ‘‘ഇന്റർനെറ്റിന് ആഘോഷിക്കാൻ ഞാൻ ചിലത് ചെയ്യട്ടെ. നിങ്ങൾക്ക് അസൂയപ്പെടാൻ വേണ്ടി ചിലത്’’–എന്ന തലക്കെട്ടോടെയാണ് മോദി മല്യയ്ക്കൊപ്പമുള്ള വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുള്ളത്.
വലിയ വിമർശനങ്ങളാണ് വിഡിയോയ്ക്ക് താഴെ ഉയർന്നത്. ‘ഇന്ത്യൻ സർക്കാരിനെതിരെ എന്തൊരു പരിഹാസമാണ് ഇവർ നടത്തുന്നത്’–എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ ‘ഇങ്ങനെയൊരു വിഡിയോ ചെയ്യാൻ ഇവരെ അനുവദിക്കുന്ന ഇന്ത്യൻ നിയമങ്ങൾ ലജ്ജിക്കണം’–എന്ന് മറ്റൊരാൾ പറഞ്ഞു.
സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് ഐപിഎൽ സ്ഥാപക ചെയർമാൻ ലളിത് മോദി 2010ലാണ് ഇന്ത്യ വിടുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, ഫെമ ലംഘനം (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) തുടങ്ങിയ കേസുകളിൽ ലളിത് മോദിക്കെതിരെ ഇഡി നടപടി സ്വീകരിച്ചിട്ടുണ്ട്. യുണൈറ്റഡ് ബ്രൂവറീസിന്റെ മുൻ ചെയർമാനും കിങ് ഫിഷർ എയർലൈൻസിന്റെ പ്രൊമോട്ടറുമായ വിജയ് മല്യ 2016-ലാണ് ഇന്ത്യ വിടുന്നത്. വിജയ് മല്യയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളുണ്ട്. ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ആക്ട് പ്രകാരം ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.







