7500 അഭയാർത്ഥികൾക്ക് അമേരിക്കയിൽ പ്രവേശിക്കാൻ അനുമതി നല്കി യുഎസ് സർക്കാർ. ഇവരിൽ ഭൂരിഭാഗവും ആഫ്രിക്കാനേഴ്സ് എന്നറിയപ്പെടുന്ന വെളുത്ത ദക്ഷിണാഫ്രിക്കക്കാരാണ്. മുൻ പ്രസിഡൻ്റ് ജോ ബൈഡൻ 1,25,000 അഭയാർത്ഥികൾക്ക് അനുമതി നല്കാനായിരുന്നു കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നത്. ട്രംപ് സർക്കാരിൻ്റെ പുതിയ കണക്ക് ഇതിനെ അപേക്ഷിച്ച് വളരെ കുറവാണ്. 1980 മുതൽ ആരംഭിച്ച അഭയാർഥി പദ്ധതിയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പരിധിയാണ് ഇത്തവണത്തേത്. ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം അഭയാർഥി പ്രവേശനം വളരെ പരിമിതപ്പെടുത്തിയിരുന്നു.
പുതിയ തീരുമാനം അമേരിക്കയുടെ നിലപാടിന് തിരിച്ചടിയാണെന്ന് അഭയാർഥി പുനരധിവാസ സംഘടനകൾ വിമർശിച്ചു. ഒരു വിഭാഗത്തെ അധികമായി ഉൾപ്പെടുത്തുന്നതിലൂടെ പരിപാടിയുടെ ലക്ഷ്യം തകർക്കപ്പെടുകയാണെന്ന് അവർ പറഞ്ഞു. പുതിയ നയം ഒരു വിഭാഗത്തിന് അനുകൂലമാണെന്നും മറ്റു അഭയാർഥികളെ ഇത് ബാധിക്കുന്നതായും ഇൻ്റർനാഷണൽ റിഫ്യൂജി അസിസ്റ്റൻസ് പ്രോജക്റ്റ് പറഞ്ഞു. വെളുത്ത ദക്ഷിണാഫ്രിക്കൻ കർഷകർ സ്വന്തം രാജ്യത്ത് വിവേചനവും ആക്രമണവും നേരിടുന്നുവെന്ന ഭരണകൂടത്തിൻ്റെ മുൻകാല അവകാശവാദത്തെ ദക്ഷിണാഫ്രിക്കൻ സർക്കാർ നിഷേധിച്ചു. അമേരിക്കയ്ക്കായി ജീവൻ പണയം വച്ചവരോടുള്ള വഞ്ചനയാണ് ഈ തീരുമാനമെന്ന് അഫ്ഗാൻ അഭയാർഥികൾക്കായി പ്രവർത്തിക്കുന്ന സംഘടനകൾ ആരോപിച്ചു.







