സ്കൂൾ ജില്ലകള്‍, അധ്യാപക പരിശീലനം, കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുള്ള ഫെഡറല്‍ ഫണ്ടിങ് യുഎസ് വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചു. ഈ ഫണ്ട് മരവിപ്പിക്കല്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.
ജൂലൈ ഒന്നിന് വിതരണം ചെയ്യേണ്ട 5 ബില്യണ്‍ ഡോളറിന്റെ ഫണ്ടാണ് തടഞ്ഞുവച്ചിരിക്കുന്നത്. 2025 സാമ്പത്തിക വര്‍ഷത്തെ പ്രോഗ്രാമുകള്‍ക്കുള്ള ഗ്രാന്‍ഡ് ഫണ്ടിങ് ഭരണകൂടം പരിശോധിക്കുകയാണെന്നും വരാനിരിക്കുന്ന അധ്യയന വര്‍ഷത്തേക്കുള്ള ഫണ്ട് വിതരണം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
അതേസമയം പരിശോധന എത്ര നാൾ നീണ്ടുനിൽക്കുമെന്നോ ഫെഡറല്‍ ഫണ്ടുകള്‍ എപ്പോള്‍ വിതരണം ചെയ്യുമെന്നോ നിലവില്‍ വ്യക്തമല്ല. ഈ അപ്രതീക്ഷിത കാലതാമസം സംസ്ഥാനങ്ങളെയും സ്‌കൂളുകളെയും കടുത്ത പ്രതിസന്ധിയിലാക്കും. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും ബജറ്റുകള്‍ തയ്യാറാക്കുന്നതിനും ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.