വാൻകൂവർ: വാൻകൂവർ ആസ്ഥാനമായുള്ള ഖനന കമ്പനിയിൽ ഓഹരി വാങ്ങി യുഎസ ഊർജ്ജ വകുപ്പ്. ലിഥിയം അമേരിക്കാസ് ആണ് യുഎസ ഊർജ്ജ വകുപ്പുമായി കരാറിലെത്തിയത്. ഇതിലൂടെ യുഎസ് ഊർജ്ജ വകുപ്പിന് കമ്പനിയുടെ അഞ്ച് ശതമാനം ഓഹരി ലഭിക്കും. പകരം ലിഥിയം അമേരിക്കാസിന് വായ്പ തിരിച്ചടയ്ക്കുന്നതിന് സാവകാശവും ലഭിക്കും. അമേരിക്കൻ ഊർജ്ജ വകുപ്പ് നേരത്തെ പ്രഖ്യാപിച്ച 2.26 ബില്യൻ ഡോളർ വായ്പയുടെ ആദ്യ ഗഡു ലിഥിയം അമേരിക്കസിന് ലഭിക്കുകയും ചെയ്യും. ഇതിൽ 435 മില്യൻ ഡോളർ കമ്പനി 2023 മുതൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന നെവാഡയിലെ ലിഥിയം കാർബണേറ്റ് പദ്ധതിക്കായി ഉപയോഗിക്കും. ഇതിൽ 182 മില്യൻ ഡോളർ തിരിച്ചടയ്ക്കാനാണ് സാവകാശം ലഭിക്കുക.
അമേരിക്കൻ കാർ നിർമ്മാതാക്കളായ ജനറൽ മോട്ടോഴ്സുമായി ചേർന്ന് ലിഥിയം അമേരിക്കാസ് ഒരു സംയുക്ത സംരംഭത്തിനും രൂപം നൽകിയിട്ടുണ്ട്. ഇതിലും അമേരിക്കൻ ഊർജ്ജ വകുപ്പിന് പങ്കാളിത്തം ലഭിക്കും. ഈ ഖനിയിൽ നിന്ന് ടൺ കണക്കിന് ലിഥിയം ഉല്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ബാറ്ററികളിലും മറ്റ് ഗ്രിഡ് സ്റ്റോറേജ് ഉൽപ്പന്നങ്ങളിലും ലിഥിയത്തിൻ്റെ ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത് അമേരിക്കൻ ഊർജ്ജ വകുപ്പിന് വലിയ മുതൽക്കൂട്ടാകും.







