ഗ്രീൻ കാർഡ് അപേക്ഷകർക്ക് തിരിച്ചടിയായി വർക്ക് പെർമിറ്റ് അപേക്ഷകൾ കൂട്ടത്തോടെ നിരസിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS). 2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ, വിദേശികൾ സമർപ്പിച്ച 35,767 (ഏകദേശം 44%) വർക്ക് പെർമിറ്റുകൾ നിരസിച്ചതായി USCIS അറിയിച്ചു. 2025 ഒക്ടോബർ 1 മുതൽ 2026 സെപ്റ്റംബർ 30 വരെ നീളുന്ന, യുഎസ് ഗവൺമെൻ്റിന്റെ 2026 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തെക്കുറിച്ചുള്ള കണക്കുകളാണിത്.
2025 ഒക്ടോബർ മുതൽ 2026 മാർച്ച് വരെയുള്ള ആദ്യ രണ്ട് പാദങ്ങളിൽ ഏകദേശം 25% അപേക്ഷകൾ മാത്രമായിരുന്നു നിരസിച്ചത്. എന്നാൽ 2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നാം പാദത്തിൽ ഏകദേശം 44% അപേക്ഷകളാണ് നിരസിച്ചത്. നിർദ്ദിഷ്ട പാദത്തിൽ, ‘അഡ്ജസ്റ്റ്മെന്റ് ഓഫ് സ്റ്റാറ്റസ്’ (adjustment of status) വിഭാഗത്തിന് കീഴിൽ വർക്ക് പെർമിറ്റിനായി ‘ഫോം I-765’ (Form I-765) വഴി 153,039 അപേക്ഷകളാണ് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന് (USCIS) ലഭിച്ചത്. ഇതിൽ 46,405 അപേക്ഷകൾക്ക് ഏജൻസി അംഗീകാരം നൽകിയപ്പോൾ, 35,767 അപേക്ഷകൾ നിരസിച്ചു.
യോഗ്യതയുള്ള വിദേശ പൗരന്മാർക്ക് ‘എംപ്ലോയ്മെൻ്റ് ഓതറൈസേഷൻ ഡോക്യുമെൻ്റ്’ (EAD) നേടുന്നതിനുള്ള മാർഗമാണ് ‘ഫോം I-765’. കുടിയേറ്റവുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ട്, യുഎസിൽ നിയമപരമായി ജോലി ചെയ്യാൻ ഇതിലൂടെ വിദേശ പൗരന്മാരെ സഹായിക്കും.







