യൂറോപ്യന്‍ യൂണിയനില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ 30% തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെക്‌സിക്കോയിലെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ആശങ്കകളും യൂറോപ്യന്‍ യൂണിയനുമായുള്ള ദീര്‍ഘകാല വ്യാപാര അസന്തുലിതാവസ്ഥയുമാണ് ഈ കടുത്ത നടപടിക്ക് കാരണമെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത കത്തുകളില്‍ വിശദീകരിച്ചു.
പുതിയ ഉഭയകക്ഷി വ്യാപാര കരാറുകളില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ ഓഗസ്റ്റ് 1 മുതല്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസങ്ങളില്‍ ഇരുപതില്‍ അധികം രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജപ്പാന്‍, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ക്ക് 25% മുതല്‍ 40% വരെ തീരുവ ചുമത്തുമെന്നാണ് ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നത്. പിന്നീട് ബ്രസീല്‍ (50%), ഫിലിപ്പീന്‍സ് (20%), ബ്രൂണെ (25%), മോള്‍ഡോവ (25%), അള്‍ജീരിയ (30%), ലിബിയ (30%), ഇറാഖ് (30%), ശ്രീലങ്ക (30%) എന്നീ എട്ട് രാജ്യങ്ങള്‍ക്കും പുതിയ തീരുവ നിരക്കുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് കത്തയച്ചിട്ടുണ്ട്.