newsroom@amcainnews.com

ഉലകനായകന്റെ രാജ്യസഭാ പ്രവേശനത്തിനു കളമൊരുങ്ങുന്നു; തമിഴ്നാട്ടിലെ 6 രാജ്യസഭാ സീറ്റുകളിലേക്ക് ജൂണിൽ തെരഞ്ഞെടുപ്പ്, ഡിഎംകെ മുന്നണിയുടെ നാല് സീറ്റിൽ ഒരെണ്ണം കമൽഹാസന്

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരം കമൽഹാസന്റെ രാജ്യസഭാ പ്രവേശനത്തിനു കളമൊരുങ്ങുന്നു. തമിഴ്നാട്ടിൽനിന്നുള്ള ആറ് അംഗങ്ങളുടേതടക്കം രാജ്യസഭയിലെ എട്ട് ഒഴിവുകളിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ തിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിനു ശേഷം കമൽഹാസന്റെ രാഷ്ട്രീയ കരിയറിലെ ഏറ്റവും വലിയ വർഷമായി 2025 മാറുകയാണ്. ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിയിൽനിന്ന് നാലുപേർക്ക് ഇക്കുറി രാജ്യസഭാംഗമാകാം. അതിൽ ‍ഒരു സീറ്റ് കമൽഹാസനു നൽകാമെന്നാണു ധാരണ.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് കോയമ്പത്തൂരിൽ മത്സരിക്കാതിരുന്ന കമൽഹാസൻ, ഇന്ത്യാ മുന്നണിക്കു വേണ്ടി തമിഴ്നാട്ടിലും പുതുച്ചേരിയിലും പ്രചാരണം നടത്തിയിരുന്നു. കോയമ്പത്തൂരിലെ മത്സരത്തിൽനിന്നു പിന്മാറുന്നതിന്റെ ഭാഗമായാണ് 2025 ജൂണിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിൽ ഒന്ന് കമൽഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം പാർട്ടിക്ക് (എംഎൻഎം) നൽകാൻ ധാരണയായത്. ഫെബ്രുവരിയിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മുന്നണിയുടെ തീരുമാനം കമൽഹാസനെ നേരിട്ടെത്തി അറിയിക്കുകയും ചെയ്തിരുന്നു. രാജ്യസഭാംഗങ്ങളായ അൻപുമണി രാമദാസ്, എം.ഷൺമുഖം, എൻ.ചന്ദ്രശേഖരൻ, എം.മുഹമ്മദ് അബ്ദുല്ല, പി.വിൽസൻ, വൈകോ എന്നിവരുടെ കാലാവധിയാണ് ജൂണിൽ അവസാനിക്കുന്നത്.

∙ കണക്കിലെ കളികൾ

തമിഴ്‌നാട് നിയമസഭയിൽ സ്പീക്കർ അടക്കം 234 അംഗങ്ങളാണ് ആകെ ഉള്ളത്. ഓരോ രണ്ടു വർഷം കൂടുമ്പോഴും 6 അംഗങ്ങളുടെ ഒഴിവാണ് രാജ്യസഭയിലേക്ക് തമിഴ്നാട്ടിൽനിന്ന് വരാറുള്ളത്. തമിഴ്നാട്ടിൽനിന്ന് ഒരു രാജ്യസഭാംഗത്തെ തിരഞ്ഞെടുക്കാൻ 34 വോട്ടെങ്കിലും വേണം. നിലവിലെ നിയമസഭയിലെ അംഗസംഖ്യ പ്രകാരം ‍ഡിഎംകെ നയിക്കുന്ന മുന്നണിക്ക് നാലു പേരെയും അണ്ണാ ഡിഎംകെ നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്ക് രണ്ടു പേരെയും വിജയിപ്പിക്കാനാകും. സഭയിൽ ഡിഎംകെയ്ക്ക് സ്പീക്കർ ഉൾപ്പെടെ 131 എംഎൽഎമാരുണ്ട്. സഖ്യകക്ഷികളെ കൂടി ഉൾപ്പെടുത്തിയാൽ ആകെ 159 പേർ. അതിനാൽ, നാല് എംപിമാരെ എളുപ്പത്തിൽ തിരഞ്ഞെടുക്കാം.

ഡിഎംകെ മുന്നണിയിൽ ബാക്കി സീറ്റുകളിൽ ഒന്ന് വൈകോയുടെ എംഡിഎംകെയ്ക്കും രണ്ടു സീറ്റുകൾ ‍ഡിഎംകെ സ്ഥാനാർഥികൾക്കും നൽകുമെന്നാണ് ധാരണ. അതേസമയം, കോൺഗ്രസ്, വിസികെ തുടങ്ങിയ പാർട്ടികളെ ഇത് ബോധ്യപ്പെടുത്തേണ്ടതുണ്ട്. പ്രത്യേകിച്ച് മുന്നണിയിൽ ഇടഞ്ഞുനിൽക്കുന്ന വിസികെ, സിപിഎം മുന്നണികൾ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടാൽ കാര്യങ്ങൾ പ്രതിസന്ധിയിലാകും. കോൺഗ്രസിന്റെ നിലപാടും ഇക്കാര്യത്തിൽ നിർണായകമാകും.

∙ ഭിന്നതയിൽ എൻഡിഎ

നിലവിൽ എൻഡിഎയ്ക്ക് 75 എംഎൽഎമാരാണ് തമിഴ്നാട് നിയമസഭയിൽ ഉള്ളത്. ഇതിൽ വിമത വിഭാഗമായ ഒ.പനീർശെൽവത്തെയും സ്വതന്ത്രരെയും കൂട്ടിയാൽ അണ്ണാ ഡ‍ിഎംകെയ്ക്ക് ഉള്ളത് 66 എംഎൽഎമാർ. രണ്ട് എംപിമാരെ വിജയിപ്പിക്കണമെങ്കിൽ 68 പേരുടെ പിന്തുണ വേണം. നിലവിൽ ബിജെപിക്ക് 4 അംഗങ്ങളുള്ളതിനാൽ ഇത് വിജയിപ്പിക്കാനാകും. എന്നാൽ പ്രശ്നം മറ്റൊന്നാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രേമലതാ വിജയകാന്തിന്റെ ഡിഎംഡികെയ്ക്ക് ഒരു രാജ്യസഭാ സീറ്റ് നൽകാമെന്ന് ഇപിഎസ് വിഭാഗം ഉറപ്പ് നൽകിയിരുന്നു, അതിന്റെ ഭാഗമായാണ് കഴിഞ്ഞ തവണ അണ്ണാ ഡിഎംകെയും ഡിഎം‍ഡികെയും സഖ്യത്തിൽ മത്സരിച്ചത്.

ഇടയ്ക്ക് വച്ച് അണ്ണാ ഡിഎംകെ എൻഡിഎയിലേക്ക് എത്തിയതിനാൽ പ്രേമലതയ്ക്കു കൊടുത്ത വാക്ക് ഇപിഎസ് പാലിക്കില്ലെന്നാണു സൂചന. പ്രേമലതയ്ക്ക് സീറ്റ് നൽകിയാൽ ഇടഞ്ഞു നിൽക്കുന്ന ഒപിഎസും ബിജെപിയും ഒപ്പമുണ്ടാകില്ലെന്നതും ഇപിഎസ് ക്യാംപിനെ ചിന്തിപ്പിക്കുന്നുണ്ട്. അതിനാൽ കരുതലോടെയാണ് ഇപിഎസ് ക്യാംപ് കരുക്കൾ നീക്കുന്നത്. അതേസമയം, പിഎംകെയുടെ അൻപുമണി രാംദാസിനു വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്നാണ് എൻഡിഎയിലെ ധാരണ. അൻപുമണിയും പിതാവ് രാംദാസും തമ്മിലുള്ള സ്വരചേർച്ചയില്ലായ്മ മുതലെടുത്ത് പിഎംകെയ്ക്ക് സീറ്റ് നിഷേധിക്കാനാണ് ഇപിഎസും ആലോചിക്കുന്നത്. അങ്ങനെയെങ്കിൽ എൻഡിഎയുടെ രണ്ട് സ്ഥാനാർഥികളിൽ ഒരാൾ അണ്ണാ ഡിഎംകെയിൽനിന്നും ഒരാൾ ബിജെപിയിൽനിന്നും എത്താനാണു സാധ്യത.

You might also like
Body of woman who went missing in Nilambur flash floods found, toll rises to six

നിലമ്പൂർ മിന്നൽ പ്രളയം: കാണാതായ യുവതിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണസംഖ്യ ആറായി

ബി.സി.യിൽ സ്കങ്ക് റാബീസ്: മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

Indian basketball all set to have its IPL moment

ഇന്ത്യൻ ബാസ്കറ്റ്ബോൾ അതിന്റെ ഐപിഎൽ നിമിഷത്തിലേക്ക് തയ്യാറെടുക്കുന്നു

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

World's Most Beautiful Cities: 'Time Out' Survey Results

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങൾ: ‘ടൈം ഔട്ട്’ സർവേ ഫലങ്ങൾ

Top Picks for You
Top Picks for You