വാഷിംഗ്ടൺ ഡി.സി. ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയായ ശ്രീനാരായണ മിഷൻ സെന്ററിന്റെ (SNMC) നേതൃത്വത്തിൽ 172-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയും ഓണാഘോഷവും പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. മേരിലാൻഡിലെ സിൽവർ സ്പ്രിംഗിലുള്ള ഒഡെസ്സ ഷാനൻ മിഡിൽ സ്കൂളിൽ വച്ച് നടന്ന ഈ ആഘോഷപരിപാടികളിൽ സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള ധാരാളം ആളുകൾ സംബന്ധിച്ചു.
സമൃദ്ധമായ ഓണസദ്യയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന്, ആവേശം വിതറിയ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വർണ്ണാഭമായ ജയന്തി ഘോഷയാത്രയും അരങ്ങേറി. കൂടാതെ, എല്ലാ പ്രായത്തിലുമുള്ള കുടുംബാംഗങ്ങൾ പങ്കെടുത്ത തിരുവാതിരക്കളി, ഫ്യൂഷൻ ഡാൻസ്, ഗാനമേളകൾ, വിവിധ നൃത്തനൃത്യങ്ങൾ തുടങ്ങി സാംസ്കാരിക കൂട്ടായ്മ വിളിച്ചോതുന്ന നിരവധി കലാപരിപാടികൾ വേദിയിൽ അവതരിപ്പിക്കപ്പെട്ടു.
പാർവതി അഭിലാഷിന്റെ ദൈവദശക ആലാപനവും ഈ വർഷം രൂപീകരിച്ച ഗുരുഗീതം പ്രാർത്ഥനാ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ഗുരുദേവ കീർത്തനാലാപനവും ചടങ്ങിന് ഭക്തിനിർഭരമായ അന്തരീക്ഷമേകി. മോഹിനിയാട്ടത്തിലും ചെണ്ടമേളത്തിലും അടുത്തിടെ ഗിന്നസ് ലോക റെക്കോർഡ് കരസ്ഥമാക്കിയ മിഷൻ സെന്റർ അംഗങ്ങളെ ചടങ്ങിൽ ആദരിക്കുകയും, ബിരുദം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. അനിൽ കുമാറും ഷീബ സുമേഷും അവതാരകരായ പരിപാടിയിൽ, സെക്രട്ടറി ശ്രീ. സജീവ് സദാനന്ദൻ നന്ദി രേഖപ്പെടുത്തി.







