ഓട്ടവ: വാക്സിനുകൾ കാരണം ആരോഗ്യ പ്രശ്നം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ കനേഡിയൻ സർക്കാരിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ പാർട്ടികൾ. പകർച്ചവ്യാധിയുടെ സമയത്ത് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച പദ്ധതി പരാജയപ്പെട്ടെന്നും, ഇത് വിശ്വാസ വഞ്ചന ആണെന്നും പ്രതിപക്ഷ പാർട്ടികൾ പറയുന്നു. 2020 ഡിസംബറിൽ അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് വാക്സിൻ ഇൻജുറി സപ്പോർട്ട് പ്രോഗ്രാം (VISP) പ്രഖ്യാപിച്ചത്. ഹെൽത്ത് കാനഡ അംഗീകരിച്ച വാക്സിൻ മൂലം ഗുരുതരവും സ്ഥിരവുമായ പ്രശ്നങ്ങൾ ഉണ്ടായവരെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി ആരംഭിച്ചത്. ഇതനുസരിച്ച് ധനസഹായം, മെഡിക്കൽ ചെലവുകളുടെ റീ ഇംബേഴ്സ്മെൻ്റ് എന്നിവ ലഭിക്കും വിധമാണ് പദ്ധതിക്ക് തുടക്കമിട്ടത്.
അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം പദ്ധതികളുടെ നടത്തിപ്പ് ചുമതല സർക്കാർ സ്ഥാപനങ്ങൾക്ക് തന്നെയാണ്. എന്നാൽ കനേഡിയൻ സർക്കാർ ഈ ജോലി ഔട്ട്‌സോഴ്‌സ് ചെയ്യാൻ തീരുമാനിച്ചു. 2021 മാർച്ചിൽ, പദ്ധതി നടത്തിപ്പിനായി സർക്കാർ റെയ്മണ്ട് ചാബോട്ട് ഗ്രാൻ്റ് തോൺടൺ കൺസൾട്ടിംഗ് ഇൻകോർപ്പറേറ്റഡ് അഥവാ ഒക്‌സാരോ ഇൻകോർപ്പറേറ്റഡ് എന്ന കമ്പനിയെ നിയമിച്ചു.
എന്നാൽ ഗ്ലോബൽ ന്യൂസ് അന്വേഷണത്തിൽ പദ്ധതിയുടെ ദൗത്യം പൂർണ്ണമായും നിറവേറ്റാൻ ഈ കമ്പനി സജ്ജമല്ലായിരുന്നു എന്ന് കണ്ടെത്തി. വാക്സിൻ ഇൻജുറി സപ്പോർട്ട് പ്രോഗ്രാമിൻ്റെ (VISP) നടത്തിപ്പിൽ കമ്പനി വീഴ്ച വരുത്തുന്നുണ്ടോ എന്ന് നിർണ്ണയിക്കാൻ ഫെഡറൽ സർക്കാർ ഒരു കംപ്ലയൻസ് ഓഡിറ്റ് ആരംഭിച്ചിരുന്നു. ജൂൺ മധ്യത്തിൽ കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസി ഉദ്യോഗസ്ഥർ കമ്പനിയുടെ ഓഫീസുകളിൽ ഒരു അപ്രതീക്ഷിത സന്ദർശനം നടത്തിയതായി ഗ്ലോബൽ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പലർക്കും വേണ്ട സമയത്ത് ധനസഹായം ലഭിച്ചില്ലെന്നതടക്കമുള്ള കാര്യങ്ങളും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് സർക്കാർ തന്നെ ഈ പദ്ധതി ഏറ്റെടുത്ത് നടത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.