തിരുവനന്തപുരം: രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുക എന്ന സദുദ്ദേശ്യത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. സി.എച്ച്. ഹാരിസ് ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെക്കാൾ അദ്ദേഹത്തിനെതിരായ നടപടികൾക്കാണ് അധികാരികൾ ശ്രമിച്ചതെന്ന് ഡോക്ടർമാരുടെ സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെജിഎംസിടിഎ). ഡോ.ഹാരിസിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടന്നത് തികച്ചും പ്രതിഷേധാർഹമാണെന്നും സംഘടന വ്യക്തമാക്കി. ഡോ. ഹാരിസിനെതിരെ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നു ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയിൽ ഉറപ്പു ലഭിച്ചിട്ടുണ്ട്. സംഘടന ഉന്നയിച്ച വിഷയങ്ങൾ വിശദമായി ഉടൻ ചർച്ച നടത്താമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. നടപടികൾ ഉണ്ടാകില്ലെന്ന് ഡിഎംഇയും ഉറപ്പു നൽകിയതായി സംഘടനാ നേതാക്കൾ അറിയിച്ചു.
ഡോ. ഹാരിസിന്റെ മുറിയിൽ അധികാരികൾ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ തിരച്ചിൽ നടത്തുകയും മുറി മറ്റൊരു താഴിട്ടു പൂട്ടുകയും ചെയ്തത് അങ്ങേയറ്റം തെറ്റായ പ്രവൃത്തിയാണ്. വകുപ്പ് മേധാവിയുടെ ഉത്തരവാദിത്വത്തിലുള്ള വസ്തുവകകൾ പരിശോധിക്കുന്നത് അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ അദ്ദേഹത്തെ കൂടി ബോധ്യപ്പെടുത്തി വേണം. വകുപ്പു മേധാവിയുടെ മുറി ആ വകുപ്പിന്റെ ഓഫിസ് കൂടിയാണ്. ആ മുറിയിൽ വിദ്യാർഥികളുടെ ഉത്തരക്കടലാസ്, മാർക് ലിസ്റ്റ്, ഓഫിസിലെ കത്തിടപാടു രേഖകൾ, മറ്റു രേഖകൾ, ഉപകരണങ്ങൾ തുടങ്ങിയവ സൂക്ഷിച്ചിട്ടുള്ളതാണ്. മുറി പൂട്ടിയതിനു ശേഷം അതിന്റെ ഒരു രസീതും നൽകിയിട്ടില്ല. ഇതു സാമാന്യനീതിക്ക് വിരുദ്ധമാണ്. ഇതിനു ശേഷം വാർത്താസമ്മേളനം നടത്തി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ചെയ്തത്.
ഇത് ഡോ. ഹാരിസിനെ മനപ്പൂർവം കുരുക്കാനുള്ള ശ്രമമാണെന്നു മാത്രമേ കാണാൻ കഴിയൂ. ഈ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നു. കാണാനില്ലെന്ന് പറയപ്പെടുന്ന ഉപകരണം അവിടെത്തന്നെ ഉണ്ടെന്ന് ഡോ. ഹാരിസ് പറഞ്ഞത് ശരിയാണെന്ന് പരിശോധനയിൽ തെളിഞ്ഞു. അവിടെ പുതുതായി കണ്ടെന്ന് ആരോപിക്കപ്പെട്ട ഉപകരണവും രസീതും നന്നാക്കാൻ ശ്രമിക്കാനായി കൊണ്ടുപോയി തിരികെ എത്തിച്ച നെഫ്രോസ്‌കോപ്പ് എന്ന ഉപകരണത്തിന്റേതാണെന്ന് വൃക്തമായിട്ടുണ്ട്. പ്രശ്‌നങ്ങളിൽ കുടെ നിൽക്കേണ്ട അധികാരികൾ തന്നെ മനോവീരൃം കെടുത്തുന്ന ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് അപലപനീയമാണെന്നും സംസ്ഥാന അധ്യക്ഷ ഡോ. ടി.റോസ്‌നാരാ ബീഗം, ജനറൽ സെക്രട്ടറി ഡോ. സി.എസ്.അരവിന്ദ് എന്നിവർ പറഞ്ഞു.