ഓൺലൈൻ പരസ്യ വിപണിയിലെ ടെക് ഭീമന്മാരുടെ ആധിപത്യം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് റിപ്പോർട്ട്. ഓൺലൈൻ പരസ്യ വിപണിയിൽ ഗൂഗിൾ, മെറ്റ, ആമസോൺ എന്നീ കമ്പനികൾക്ക് 90 ശതമാനത്തിലധികം നിയന്ത്രണമുള്ളത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് കാനേഡിയൻ ആൻ്റി–മൊണോപ്പോളി പ്രോജക്റ്റ് പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പറയുന്നു.
വെബ്‌സൈറ്റുകൾ തുറക്കുന്നതിനിടെ സെക്കൻഡുകൾക്കുള്ളിൽ നടക്കുന്ന ഓട്ടോമേറ്റഡ് ഓക്ഷനുകളിലൂടെയാണ് പരസ്യങ്ങൾക്കായുള്ള ഇടപാടുകൾ നടക്കുന്നത്.
ഉപയോക്താക്കളുടെ സ്ഥാനം, ബ്രൗസിംഗ് ചരിത്രം തുടങ്ങി നിരവധി സ്വകാര്യ വിവരങ്ങൾ ഇത്തരം പരസ്യ ഓക്ഷനുകളിൽ ഉൾപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇവ മറ്റ് ഡാറ്റാ സ്രോതസുകളുമായി കൂട്ടിച്ചേർത്താൽ വ്യക്തികളുടെ ആരോഗ്യം, സാമ്പത്തികസ്ഥിതി, മതവിശ്വാസം, രാഷ്ട്രീയാഭിപ്രായങ്ങൾ, സാമൂഹികബന്ധങ്ങൾ, യാത്രാമാർഗങ്ങൾ തുടങ്ങി നിരവധി രഹസ്യവിവരങ്ങൾ കണ്ടെത്താൻ കഴിയുമെന്നാണു മുന്നറിയിപ്പ്. സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലം, സ്വഭാവം തുടങ്ങിയവയെ കുറിച്ചുള്ള കൃത്യമായ ഡാറ്റാസെറ്റുകൾ ഇതുവഴി തയ്യാറാക്കാനാകുമെന്നും, പിന്നീട് അവയെ ദുരുപയോഗം ചെയ്ത് തെറ്റായ പ്രചാരണങ്ങൾ നടത്താനും ആക്രമണങ്ങൾ സംഘടിപ്പിക്കാനുമുള്ള സാധ്യതയുണ്ട്. ഇത് ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാകുമെന്നുമാണ് കാനേഡിയൻ ആൻ്റി മൊണോപ്പോളി പ്രോജക്റ്റ് മുന്നറിയിപ്പ് നൽകുന്നത്.







