അമേരിക്കയിൽ കാപ്പിയുടെ വില കുത്തനെ ഉയരുന്നു. ഒരു പൗണ്ട് ഗ്രൗണ്ട് കോഫിയുടെ ശരാശരി വില സെപ്റ്റംബറിൽ 9.14 ഡോളർ ആയി വർധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 41% വർധനയാണിത്. ഇൻസ്റ്റന്റ് കോഫി ഉൾപ്പെടെ എല്ലാത്തരം കാപ്പി ഉൽപ്പന്നങ്ങൾക്കും കൺസ്യൂമർ പ്രൈസ് ഇൻഡക്സ് പ്രകാരം കഴിഞ്ഞ സെപ്റ്റംബർ മാസത്തേക്കാൾ 19% വില വർധിച്ചിട്ടുണ്ട്. ഇറക്കുമതി താരിഫുകളും മോശം കാലാവസ്ഥയുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി കണക്കാക്കുന്നത്.
യുഎസിന് ആവശ്യമായ കാപ്പിയുടെ 99% വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിൽ ബ്രസീൽ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം ചുമത്തിയ ഉയർന്ന താരിഫുകൾ വിതരണച്ചെലവ് കൂട്ടി. അതോടൊപ്പം ലാ നിന പ്രതിഭാസത്തെ തുടർന്നുള്ള ചൂടും വരൾച്ചയും ആഗോള കാപ്പി ഉത്പാദനത്തെ ബാധിച്ചതും വില വർധനയ്ക്ക് കാരണമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതിസന്ധി രൂക്ഷമായതോടെ ഷിക്കാഗോയിലെ കഫേകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പാനീയങ്ങളുടെ വില ഏകദേശം 15% വരെ വർധിപ്പിച്ചു. കാപ്പിയുടെ വില നിയന്ത്രിക്കുന്നതിനായി എല്ലാ താരിഫുകളും നീക്കം ചെയ്യാനുള്ള ബിൽ ദ്വികക്ഷി പിന്തുണയോടെ യു.എസ്. ജനപ്രതിനിധി സഭയുടെ പരിഗണനയിലാണ്.







