ബ്രാംപ്ടൺ : പീൽ മേഖലയിൽ വാഹന മോഷണ അന്വേഷണത്തിൽ 12 പേർ അറസ്റ്റിലായി. 4.5 ദശലക്ഷം ഡോളറിലധികം മൂല്യമുള്ള, മോഷ്ടിക്കപ്പെട്ട തൊണ്ണൂറിലധികം വാഹനങ്ങൾ കണ്ടെടുത്തതായി പീൽ പൊലീസ് അറിയിച്ചു. ‘കാനഡ ബോർഡർ സർവീസസ് ഏജൻസി’യുമായി (CBSA) സഹകരിച്ച് 2026 മാർച്ചിൽ ആരംഭിച്ച ‘പ്രോജക്റ്റ് കാഡെറ്റ’ (Project Cadetta)യുടെ ഭാഗമായാണ് അറസ്റ്റ്. ബ്രാംപ്ടണിലെ വെയർഹൗസ് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ കനേഡിയൻ തുറമുഖങ്ങൾ വഴി പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് കടത്താൻ ഉദ്ദേശിച്ചിരുന്ന മോഷ്ടിച്ച വാഹനങ്ങൾ കണ്ടെത്തി.

അന്വേഷണത്തിൽ വെയർഹൗസിലെ ഷിപ്പിങ് കണ്ടെയ്‌നറുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 96 ആഡംബര എസ്‌യുവികൾ (SUVs), പിക്കപ്പ് ട്രക്കുകൾ, മറ്റ് വിലകൂടിയ വാഹനങ്ങൾ എന്നിവ കണ്ടെടുത്തു. ആകെ 12 പ്രതികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ 231 കുറ്റങ്ങൾ ചുമത്തുകയും ചെയ്തു. ഇതിൽ ചിലർക്കെതിരെ ഇമിഗ്രേഷൻ നിയമനടപടികൾ സ്വീകരിക്കുന്നതിനായി കാനഡ ബോർഡർ സർവീസസ് ഏജൻസിക്ക് (CBSA) കൈമാറുമെന്ന് പൊലീസ് അറിയിച്ചു. രണ്ടു പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇവർക്കായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.








