ഒൻ്റാരിയോ മിസ്സിസാഗയിൽ മൂന്ന് വർഷം മുമ്പ് ഇന്ത്യൻ വംശജനായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടാമത്തെ പ്രതിയെ അറസ്റ്റ് ചെയ്തതായി പീൽ റീജിയണൽ പൊലീസ് അറിയിച്ചു. 2023-ൽ പഞ്ചാബ് സ്വദേശി ഫുഡ് ഡെലിവറി ഡ്രൈവറായ ഗുരുവിന്ദർ നാഥ് (24) കൊല്ലപ്പെട്ട കേസിൽ ജൂലൈ 16-ന് ഡെവൗണ്ടെ തോംസൺ (26) എന്നയാളാണ് പിടിയിലായത്.
2023 ജൂലൈ 9-ന് ഒരു ഡെലിവറിക്കിടെ വാഹനം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ ടൊറൻ്റോ ലോയലിസ്റ്റ് കോളേജിൽ ബിസിനസ്സ് വിദ്യാർത്ഥിയായിരുന്ന ഗുരുവിന്ദർ നാഥിന് ഗുരുതരമായി പരുക്കേറ്റിരുന്നു. കാറുമായി കടന്നുകളഞ്ഞ അക്രമികൾ ഗുരുവിന്ദറിനെ ഗുരുതര പരിക്കുകളോടെ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. ജൂലൈ 14-ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അദ്ദേഹം മരണത്തിന് കീഴടങ്ങി. ഒന്നാം പ്രതിയായ മിസ്സിസാഗയിൽ നിന്നുള്ള 23 കാരിയായ ജസൈൻ കെറിനെ 2024 ഫെബ്രുവരി 15 ന് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ രണ്ടാം പ്രതി ഡെവൗണ്ടെ തോംസണെ തിരിച്ചറിയുകയും കാനഡയിലുടനീളം അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.







