വാൻകൂവർ: വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും, അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്. സാമ്പത്തിക അസ്ഥിരതയുടെയും യുഎസ് അടിച്ചേൽപ്പിച്ച വ്യാപാര യുദ്ധത്തിൻ്റെയും സാഹചര്യത്തിൽ, ബ്രിട്ടീഷ് കൊളംബിയക്കാർ വലിയ സാമ്പത്തി ബുദ്ധിമുട്ട് നേരിടുന്നു എന്നതിൻ്റെ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
വലിയൊരു വിഭാഗം തൊഴിലാളികൾക്ക് ഭക്ഷണം, വാടക തുടങ്ങിയ അവശ്യ ചെലവുകൾക്ക് വേണ്ട വരുമാനം ലഭിക്കുന്നില്ല എന്നാണ് ലിവിംഗ് വേജ് ബിസിയുടെ മാനേജിംഗ് ഡയറക്ടർ അനസ്താസിയ ഫ്രെഞ്ച് പറയുന്നത്. മെട്രോ വാൻകൂവറിലെ ശരാശരി വേതനം നിലവിൽ മണിക്കൂറിന് $27.05 ആണ്. എന്നാൽ മൂന്നിൽ ഒരാൾക്കും അത് ലഭിക്കുന്നില്ല. എല്ലാത്തരം ജോലികൾ ചെയ്യാനും ആളുണ്ട്. പക്ഷെ അഞ്ചിൽ ഒരാൾക്ക് മണിക്കൂറിൽ 20 ഡോളറിൽ താഴെയാണ് വരുമാനം. ഇത് ശരാശരി വേതനത്തേക്കാൾ വളരെ കുറവാണ് എന്ന് വിദഗ്ദ്ധർ പറയുന്നു. സമ്പന്നർ കൂടുതൽ സമ്പന്നരാകുമ്പോൾ പാവപ്പെട്ടവർ കൂടുതൽ പാവപ്പെട്ടവരാകുന്നു എന്ന് അനസ്താസിയ പറയുന്നു.
യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ വർദ്ധനയുണ്ടായിട്ടുണ്ട്. ജീവിതച്ചെലവ് പിടിച്ചു നിർത്തുമെന്നും സാധനങ്ങൾ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുമെന്നും തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനങ്ങൾ നല്കിയിരുന്നു. എന്നാൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് അനസ്താസിയ ഫ്രെഞ്ച് പറയുന്നു.