ഓട്ടവ: കാനഡയിൽനിന്നു താൽക്കാലിക താമസക്കാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതോടെ വാടക വീടുകളുടെ വിലയിൽ ഗണ്യമായ കുറവുണ്ടാകുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികളും വിദേശ തൊഴിലാളികളും കാനഡ വിടുന്നതോടെ നിരവധി പ്രധാന ഭവന വിപണികളിൽ വാടക വിലയിൽ കുത്തനെ കുറവുണ്ടായതായി കാനഡ മോർഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ(CMHC) റിപ്പോർട്ട് ചെയ്യുന്നു. ടൊറന്റോ, കാൽഗറി, വാൻകുവർ എന്നീ വിപണികളിൽ വാടക നിരക്കിൽ കുത്തനെ കുറവുണ്ടായതായി റിപ്പോർട്ടുകളിൽ പറയുന്നു.
ഈ വർഷം ആദ്യ പാദത്തിൽ കാൽഗറി, ടൊറന്റോ, വാൻകുവർ, ഹാലിഫാക്‌സ് എന്നിവടങ്ങളിലെ പരസ്യപ്പെടുത്തിയ വാടകയിൽ 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2-8 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതേകാലയളവിൽ മോൺട്രിയൽ, എഡ്മന്റൺ, ഓട്ടവ തുടങ്ങിയ മറ്റ് പ്രധാന വിപണികളിൽ പരസ്യപ്പെടുത്തിയ വാടകയിലെ വർധനവിന്റെ നിരക്ക് 2024 ൽ ഇതേ കാലയളവിനെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞു.
അന്താരാഷ്ട്ര കുടിയേറ്റത്തിലുണ്ടായ മന്ദഗതിയും താൽക്കാലിക താമസക്കാരുടെ എണ്ണത്തിലുണ്ടായ കുറവും വാടക നിരക്കിൽ കുറവു വരാനിടയാക്കി. വാടക വിപണിയിൽ ഡിമാൻഡ് കുറഞ്ഞതും വിതരണത്തിലുണ്ടായ ശക്തമായ നേട്ടങ്ങളുമാണ് ഈ കുറവുകൾക്ക് കാരണമെന്ന് സിഎംഎച്ച്‌സി പറയുന്നു.