ഓട്ടവ: ബിരുദാനന്തര വർക്ക് പെർമിറ്റിൽ (PGWP) മാറ്റങ്ങൾ വരുത്തുന്നത് കനേഡിയൻ സർക്കാർ തല്ക്കാലത്തേക്ക് നീട്ടി വച്ചു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം പുതിയ യോഗ്യതാ നിയമങ്ങൾ പ്രഖ്യാപിച്ചിരുന്നു. ജൂൺ 25 മുതൽ, 178 പഠന മേഖലകളിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് PGWP-ക്ക് അർഹതയില്ലെന്നായിരുന്നു IRCC പ്രഖ്യാപിച്ചത്. ഈ മാറ്റങ്ങളാണ് ഇപ്പോൾ നടപ്പാക്കുന്നില്ലെന്ന് തീരുമാനിച്ചത്. ദീർഘകാല തൊഴിൽ ക്ഷാമം നേരിടുന്ന തൊഴിലുകളുമായി ബന്ധമില്ലെന്ന് കാട്ടിയാണ് ചില പ്രോഗ്രാമുകൾ നീക്കം ചെയ്യാനുള്ള തീരുമാനത്തെ ഐആർസിസി ന്യായീകരിച്ചത്.
അംഗീകാരമുള്ള കനേഡിയൻ സ്കൂളുകളിൽ നിന്ന് ബിരുദം നേടിയ വിദ്യാർത്ഥികൾക്ക് രാജ്യത്ത് വിലപ്പെട്ട തൊഴിൽ പരിചയം നേടാൻ അനുവദിക്കുന്ന സംവിധാനമാണ് PGWP. ഐആർസിസിയുടെ കണക്കനുസരിച്ച്, 178 പഠന മേഖലകൾ നീക്കം ചെയ്തെങ്കിലും, ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനങ്ങൾ, വിദ്യാഭ്യാസം, വ്യാപാരം തുടങ്ങിയ പ്രധാന മേഖലകളിലായി 119 യോഗ്യതയുള്ള പ്രോഗ്രാമുകൾ കൂട്ടി ച്ചേർക്കുകയും ചെയ്തിരുന്നു. പുതിയ മാറ്റങ്ങൾ അടുത്ത വർഷം മുതലാണ് നടപ്പിലാവുകയെന്നാണ് സൂചന. അന്താരാഷ്ട്ര വിദ്യാർഥികളെ സംബന്ധിച്ച് ഈ തീരുമാനം ഏറെ ഗുണകരമാണ്.