സ്‌കൂളുകളിൽ മതേതരത്വം ശക്തിപ്പെടുത്തുന്നതിനായി പുതിയ നിയമം പാസാക്കി ക്യുബെക്ക് സർക്കാർ. വിദ്യാർഥികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സ്കൂൾ ജീവനക്കാരെയും മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നതിൽ നിന്ന് വിലക്കുന്നതാണ് ഈ നിയമം. കൂടാതെ, മുഖം മറയ്ക്കുന്ന മൂടുപടങ്ങൾ പോലുള്ള വസ്ത്രങ്ങൾ വിദ്യാർഥികൾക്ക് അനുവദനീയവുമല്ല.
അധ്യാപകർ, ജഡ്ജിമാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ മതചിഹ്നങ്ങൾ ധരിക്കുന്നത് വിലക്കിയ 2019-ലെ നിയമത്തെ കൂടുതൽ വിപുലീകരിക്കുന്നതാണ് പുതിയ നിയമം. ഈ വിലക്ക് സൈക്കോളജിസ്റ്റുകൾ, തൂപ്പുകാർ, കാന്റീൻ തൊഴിലാളികൾ, ലൈബ്രറി വളണ്ടിയർമാർ എന്നിവർക്കും ബാധകമാകും. വിദ്യാർഥികളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സ്കൂൾ ജീവനക്കാർ അല്ലാത്തവരും ഈ നിയമം പാലിക്കേണ്ടതുണ്ട്.
മോൺട്രിയലിലെ ഒരു പ്രൈമറി സ്കൂളിൽ സർക്കാർ നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഈ ബിൽ അവതരിപ്പിച്ചത്. ചില അധ്യാപകർ അവരുടെ വ്യക്തിപരമായ വിശ്വാസങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ അധ്യാപകരിൽ ഭൂരിഭാഗവും മാഗ്രെബി വംശജരായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ സംഭവം പൊതുജനങ്ങളിൽ ആശങ്കയുണ്ടാക്കിയതിനെ തുടർന്നാണ് പുതിയ നിയമം പാസ്സാക്കിയത്. ഈ വിലക്ക് ഉടൻതന്നെ ഡേകെയർ തൊഴിലാളികൾക്കും ബാധകമാക്കുമെന്ന് ക്യുബെക്ക് സർക്കാർ അറിയിച്ചു.







