വിക്ടോറിയ: പഞ്ചാബി ഗായകൻ എ.പി. ധില്ലൻ്റെ ബ്രിട്ടീഷ് കൊളംബിയയിലെ വീട് ആക്രമിച്ച കേസിൽ 25 വയസ്സുകാരനായ അഭ്ജീത് കിംഗ്രയെ ആറ് വർഷം ശിക്ഷിച്ചു. വിദ്യാർത്ഥി വിസയിൽ കാനഡയിൽ എത്തിയതായിരുന്നു അഭ്ജീത് കിംഗ്ര. 2024 സെപ്റ്റംബറിൽ ബിഷ്ണോയ് ഗ്യാങ്ങാണ് റിക്രൂട്ട് ചെയ്യുകയായിരുന്നു എന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. ഇന്ത്യയിലെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനായാണ് കിംഗ്ര ഈ ‘കോൺട്രാക്റ്റ്’ ഏറ്റെടുത്തതെന്ന് കോടതി വ്യക്തമാക്കി.
ആക്രമണത്തിനിടെ, കിംഗ്രയും മറ്റൊരാളും ചേർന്ന് ധില്ലൻ്റെ വീട്ടുമുറ്റത്തെ വാഹനങ്ങൾക്ക് തീയിടുകയും വീട്ടിലേക്ക് 14 റൌണ്ട് വെടിയുതിർക്കുകയും ചെയ്തു. കിംഗ്ര ധരിച്ചിരുന്ന ബോഡി ക്യാമറയിൽ കുറ്റകൃത്യം പൂർണ്ണമായും ചിത്രീകരിച്ചിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ബിഷ്ണോയ് സംഘം ഈ വീഡിയോ പ്രചരിപ്പിക്കുകയും കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം ഓൺലൈനിലൂടെ ഏറ്റെടുക്കുകയും ചെയ്തു.
ഇന്ത്യയിലും വിദേശത്തും അക്രമം, ഭീഷണിപ്പെടുത്തി പണം തട്ടൽ, മയക്കുമരുന്ന് കടത്ത് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ബിഷ്ണോയ് സംഘത്തെ കാനഡ ഇപ്പോൾ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ബിഷ്ണോയ് സംഘം എതിർക്കുന്ന ഒരാളെ തൻ്റെ ഒരു മ്യൂസിക് വീഡിയോയിൽ ധില്ലൻ ഉൾപ്പെടുത്തിയതാണ് ആക്രമണത്തിന് കാരണമെന്ന് റിപ്പോർട്ടുണ്ട്. വെടിവെയ്പ്പിന് ശേഷം കിംഗ്രയും കൂട്ടാളിയും രക്ഷപ്പെട്ടു. കിംഗ്ര പിന്നീട് ഒൻ്റാരിയോയിൽ വെച്ച് പിടിയിലായെങ്കിലും രണ്ടാമത്തെ പ്രതി ഇപ്പോഴും ഇന്ത്യയിലാണ്.







