കാനഡയിലെ പ്രവിശ്യകളിലും ടെറിട്ടറികളിലും ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്നത് പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ എം.എൽ.എമാർക്കാണെന്ന് ഇൻഡെംനിറ്റീസ് ആൻഡ് അലവൻസ് കമ്മീഷൻ റിപ്പോർട്ട്. 2025-ൽ 84,598 ഡോളറായിരുന്നു പ്രവിശ്യയിലെ എം.എൽ.എമാരുടെ അടിസ്ഥാന ശമ്പളം. ഇത് ദേശീയ ശരാശരിയുടെ 73 ശതമാനം മാത്രമാണ്. അയൽ പ്രവിശ്യകളായ ന്യൂബ്രൺസ്വിക്കിൽ 93,126 ഡോളറും നോവ സ്കോട്ടിയയിൽ 1,15,000 ഡോളറുമാണ് എം.എൽ.എമാരുടെ വേതനം. മറ്റ് പ്രവിശ്യകളിലെ പ്രതിനിധികൾക്ക് തുല്യമായ ചുമതലകൾ നിർവഹിച്ചിട്ടും പി.ഇ.ഐയിലെ ജനപ്രതിനിധികൾക്ക് കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന ശമ്പളത്തിന് പുറമെ സ്പീക്കർ, ഹൗസ് ലീഡർ, വിപ്പ് തുടങ്ങിയ ചുമതലകൾ വഹിക്കുന്നവർക്ക് അധിക വേതനവും ലഭിക്കുന്നുണ്ട്. പി.ഇ.ഐ പ്രീമിയർക്ക് നിലവിൽ ആകെ 1,72,479 ഡോളറാണ് പ്രതിഫലം ലഭിക്കുന്നത്. ഇത് അറ്റ്ലാന്റിക് കാനഡയിലെ മറ്റ് പ്രീമിയർമാരുടെ ശരാശരി വേതനത്തേക്കാൾ 20,000 ഡോളർ കുറവാണ്. പ്രീമിയർക്ക് പുറമെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ഗവൺമെന്റ് ഹൗസ് ലീഡർ, വിപ്പ് എന്നിവരുടെ വേതനവും അറ്റ്ലാന്റിക് കാനഡയിലെ ശരാശരിയേക്കാൾ താഴെയാണ്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ എം.എൽ.എമാരുടെ ശമ്പളത്തിൽ 20.7 ശതമാനം വർധനയുണ്ടായപ്പോൾ ഇതേ കാലയളവിൽ പണപ്പെരുപ്പവും 28.4 ശതമാനം ഉയർന്നതായി റിപ്പോർട്ടിലുണ്ട്. പണപ്പെരുപ്പത്തിന് അനുസൃതമായ വർധന നടപ്പിലാക്കിയിരുന്നെങ്കിൽ നിലവിലെ ശമ്പളം 90,001 ഡോളറിൽ എത്തേണ്ടതായിരുന്നു. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന ഏപ്രിൽ ഒന്നിന് അടിസ്ഥാന ശമ്പളത്തിൽ 2.75 ശതമാനം വർധനവ് വരുത്താൻ കമ്മീഷൻ തീരുമാനിച്ചു. കഴിഞ്ഞ വർഷം ജനുവരി ഒന്നിനും ജൂലൈ ഒന്നിനും വേതനത്തിൽ 1.5 ശതമാനം വീതം വർധനവ് വരുത്തിയിരുന്നു.







