ടൊറൻ്റോ : തുടർച്ചയായ മൂന്നാം തവണയും ഭരണത്തിലേറി ഡഗ് ഫോർഡും പ്രോഗ്രസീവ് കൺസർവേറ്റീവുകളും. ആകെയുള്ള 124 സീറ്റുകളിൽ 81 സീറ്റുകളിൽ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി ലീഡ് ചെയ്യുന്നതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ, സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 63 സീറ്റുകൾ പാർട്ടി സ്വന്തമാക്കിയിട്ടുണ്ട്. 2022-ൽ പാർട്ടി 83 സീറ്റുകൾ നേടിയിരുന്നു.
പ്രതിപക്ഷമായ എൻഡിപി 27 സീറ്റുകളിലും ലീഡ് ചെയ്യുന്നു. പുതിയ ലീഡർ ബോണി ക്രോംബിയുടെ കീഴിലുള്ള ലിബറൽ പാർട്ടി, കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണം ഏകദേശം ഇരട്ടിയാക്കി. പാർട്ടി 14 റൈഡിങ്ങുകളിൽ ലീഡ് ചെയ്യുകയോ തിരഞ്ഞെടുക്കപ്പെടുകയോ ചെയ്തുകൊണ്ട് ഔദ്യോഗിക പാർട്ടി പദവി തിരിച്ചുപിടിച്ചു. എന്നാൽ, മിസ്സിസാഗ ഈസ്റ്റ്-കുക്‌സ്‌വിൽ റൈഡിങ്ങിൽ മത്സരിക്കുന്ന ബോണി ക്രോംബി പ്രോഗ്രസീവ് കൺസർവേറ്റീവ് സ്ഥാനാർത്ഥി സിൽവിയ ഗ്വാൾട്ടിയേരിയോട് 1,200 വോട്ടുകൾക്ക് പരാജയപ്പെട്ടു. ലീഡർ മൈക്ക് ഷ്രൈനർ മത്സരിക്കുന്ന റൈഡിങ്ങിൽ ഉൾപ്പെടെ രണ്ട് സീറ്റുകളിൽ ഗ്രീൻ പാർട്ടിക്കാണ് ലീഡ്.