സാമ്പത്തിക ക്രമക്കേടുകളും പഠനത്തിനായി വ്യാജരേഖകൾ സമർപ്പിച്ചതായി കണ്ടെത്തിയതിനെയും തുടർന്ന് മൂന്ന് സ്വകാര്യ കരിയർ കോളേജുകളെ ഒൻ്റാരിയോ സ്റ്റുഡൻ്റ് അസിസ്റ്റൻസ് പ്രോഗ്രാമിൽ (OSAP) നിന്നും മൂന്ന് വർഷത്തേക്ക് കൂടി വിലക്കി പ്രവിശ്യാ സർക്കാർ. ഈ വർഷത്തെ വിലക്കിന് പുറമെയാണ് 2030 വരെ നീളുന്ന പുതിയ വിലക്ക് ഏർപ്പെടുത്തിയതെന്ന് ഒൻ്റാരിയോ കോളേജ്-സർവകലാശാലാ മന്ത്രി നോളൻ ക്വിൻ അറിയിച്ചു. 2026-27 അധ്യയന വർഷത്തേക്ക് OSAP-യിൽ നിന്നും ആറ് സ്ഥാപനങ്ങളെ (ഇതിൽ ‘അക്കാദമി ഓഫ് ലേണിങ് നാല് ബ്രാഞ്ചുകളും ഉൾപ്പെടുന്നു) വിലക്കിക്കൊണ്ട് നോളൻ ക്വിൻ മെയ് മാസത്തിൽ ഉത്തരവിട്ടിരുന്നു.
അക്കാദമി ഓഫ് ലേണിങ്ങിന്റെ കീഴിലുള്ള ബേ സ്ട്രീറ്റ്, ബ്രാംപ്ടൺ ഈസ്റ്റ്, നോർത്ത് യോർക്ക് ക്യാമ്പസുകൾക്കാണ് വിലക്ക്. ബേ സ്ട്രീറ്റ് ക്യാമ്പസിലെ വിദ്യാർത്ഥികളുടെ എണ്ണം 2021-22 ൽ 996 ആയിരുന്നത് 2024-25 ൽ 7,435 ആയി ഉയർന്നു. ഈ വർഷം മാത്രം 108 മില്യൺ ഡോളറിലധികം ഗ്രാൻ്റാണ് ഈ സ്ഥാപനത്തിന് ലഭിച്ചത്.
പ്രവിശ്യാ സർക്കാർ നടത്തിയ പ്രത്യേക പരിശോധനയിലാണ് OSAP ധനസഹായവുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്. വിദ്യാർത്ഥികൾക്ക് പകരം മൂന്നാം കക്ഷികൾ പഠന കോഴ്സുകൾ പൂർത്തിയാക്കുന്നതായും, അതും ഒരു ദിവസം കൊണ്ട് കോഴ്സുകൾ തീർക്കുന്നതായും കണ്ടെത്തി. കൂടാതെ തങ്ങൾ പഠിക്കുന്ന സ്ഥാപനത്തിന്റെയോ പ്രോഗ്രാമിന്റെയോ പേര് പോലും പറയാൻ കഴിയാത്ത വിദ്യാർത്ഥികളെയും അന്വേഷണത്തിൽ കണ്ടെത്തി. പ്രാഥമിക പരിശോധനാ റിപ്പോർട്ടിനെ തുടർന്ന് കേസ് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസിന് (OPP) കൈമാറിയതായി മന്ത്രി അറിയിച്ചു. സാമ്പത്തിക ക്രമക്കേടുകളിൽ ഇമിഗ്രേഷൻ ഏജൻസികളുടെ പങ്കിനെക്കുറിച്ചും ഉയർന്ന തോതിലുള്ള അപേക്ഷകളെക്കുറിച്ചും കൂടുതൽ അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂർത്തിയാകുന്നതുവരെ കരിയർ കോളേജുകൾക്കുള്ള OSAP ലോൺ വിതരണം പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്.







