അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ കേരള കണ്‍വെന്‍ഷന്‍ 2027 ജനുവരി 11 മുതല്‍ 13 വരെ കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കും. കണ്‍വെന്‍ഷനിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ഫൊക്കാന പ്രസിഡൻ്റ് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു. അമേരിക്കയിലും കാനഡയിലുമായി നൂറിലധികം അംഗസംഘടനകളുള്ള ഫൊക്കാന, അഞ്ചുലക്ഷത്തിലധികം പ്രവാസി മലയാളികളെ പ്രതിനിധീകരിക്കുന്ന വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളുടെ കൂട്ടായ്മയാണ്. 1983-ല്‍ രൂപംകൊണ്ട ഫൊക്കാന നാല് പതിറ്റാണ്ടിലേറെയായി കേരളത്തിന്‍റെ സാംസ്‌കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും പ്രവാസി മലയാളികളുടെ ക്ഷേമത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി വരുന്നു.
ഫൊക്കാന കേരള കണ്‍വെന്‍ഷനില്‍ കേരള ഗവര്‍ണര്‍ , മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍ കേരളത്തിലെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും വ്യവസായികളും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പ്രവാസി മലയാളികളും പങ്കെടുക്കും. പ്രമുഖ വ്യവസായ, സാമൂഹ്യ , ജീവകാരുണ്യ, സാഹിത്യ പ്രതിഭകളെ ആദരിക്കുന്നതിനൊപ്പം വിവിധ ജീവകാരുണ്യ പദ്ധതികള്‍ക്കും കണ്‍വെന്‍ഷനില്‍ തുടക്കം കുറിക്കും.
കേരളാ കണ്‍വെന്‍ഷന്‍ ചെയര്‍മാനായി മുന്‍ ഫൊക്കാന പ്രസിഡൻ്റ് ജോര്‍ജി വര്‍ഗീസ് (ഫ്ലോറിഡ), കോര്‍ഡിനേറ്ററായി മുന്‍ ഫൊക്കാന പ്രസിഡൻ്റ് പോള്‍ കറുകപ്പിള്ളില്‍, രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാനായി കോശി കുരുവിള എന്നിവരും, ഫ്രാന്‍സിസ് കിഴക്കേകൂറ്റ് (റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍), ഷീല ജോസഫ് (വൈസ് ചെയര്‍പേഴ്സൺ) പ്രവര്‍ത്തിക്കുന്നു.







