ആല്‍ബര്‍ട്ടയിലെ ആരോഗ്യമേഖല മോശം അവസ്ഥയിലാണെന്ന് പുതിയ റിപ്പോര്‍ട്ട്. എമര്‍ജന്‍സി യൂണിറ്റിലെ നീണ്ട കാത്തിരിപ്പ് സമയവും ഫാമിലി ഡോക്ടര്‍മാരെ കിട്ടാനുള്ള ബുദ്ധിമുട്ടുമാണ് പ്രധാന പ്രശ്‌നങ്ങള്‍ എന്ന് ആല്‍ബര്‍ട്ട മെഡിക്കല്‍ അസോസിയേഷന്‍ (AMA) പറയുന്നു. കഴിഞ്ഞ വര്‍ഷം എമര്‍ജന്‍സി യൂണിറ്റില്‍ പോയവരില്‍ 60 ശതമാനം പേരും തങ്ങളുടെ അനുഭവം മോശമെന്ന് വിലയിരുത്തി. അഞ്ചില്‍ ഒരാള്‍ക്ക് ഫാമിലി ഡോക്ടറില്ലെന്നും, ആവശ്യമുള്ളപ്പോള്‍ പകുതിയിലധികം പേര്‍ക്ക് ഡോക്ടറെ കാണാനായില്ലെന്നും AMA റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, AMA-യുടെ സര്‍വേ 1,100 പേരില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമാണെന്നും ഇത് പൂര്‍ണ്ണമായ ചിത്രം നല്‍കുന്നില്ലെന്നും പ്രവിശ്യാ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു. കൂടുതല്‍ ഡോക്ടര്‍മാരെയും ആശുപത്രി കിടക്കകളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 2025 മാര്‍ച്ച് അവസാനം വരെ 12,123 രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാരുണ്ടെന്നും, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 491 ഡോക്ടര്‍മാരുടെ വര്‍ധനയുണ്ടായെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 317 പേര്‍ ഫാമിലി ഡോക്ടര്‍മാരാണ്.
എന്നാല്‍, സേവന രംഗത്ത് ഇനിയും ഡോക്ടര്‍മാരെ ആവശ്യമാണെന്ന് AMA ചൂണ്ടിക്കാട്ടി. ജനസംഖ്യാ വര്‍ധന ആരോഗ്യമേഖലയ്ക്ക് വലിയ സമ്മര്‍ദ്ദം നല്‍കുന്നുണ്ടെന്നും ഇത് അടിയന്തരമായി പരിഹരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.