ന്യൂയോർക്ക്: യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിലെ മേയറെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ത്യൻ സമയം 5ന് രാവിലെ 7.30ന് വോട്ടെടുപ്പ് അവസാനിക്കുന്നതിനു തൊട്ടുപിന്നാലെ ഫലം പ്രതീക്ഷിക്കുന്നു. പ്രവചനങ്ങളെല്ലാം ഡെമോക്രാറ്റ് സ്ഥാനാർഥി സൊഹ്റാൻ മംദാനി(34)ക്ക് അനുകൂലമാണ്.
ഇന്ത്യൻ വംശജയായ പ്രമുഖ സിനിമ സംവിധായക മീര നായരുടെയും യുഗാണ്ടൻ എഴുത്തുകാരൻ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രു കുമോയാണ് പ്രധാന എതിരാളി. റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ മത്സരിക്കുന്നുണ്ടെങ്കിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുമോയെ പിന്തുണയ്ക്കുന്നു. മംദാനി വിജയിച്ചാൽ അത് നഗരത്തിന് വിപത്താകുമെന്നും നഗരത്തിനുള്ള ഫെഡറൽ സഹായം നിലച്ചേക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
ട്രംപിന്റെ നയങ്ങളോടുള്ള വിധിയെഴുത്താകും ന്യൂയോർക്ക് ഉൾപ്പെടെയുള്ള നഗരങ്ങളിലെ മേയർ തിരഞ്ഞെടുപ്പ് ഫലമെന്നും യുഎസ് രാഷ്ട്രീയത്തിലെ ഗതിമാറ്റത്തിന്റെ സൂചന അറിയാനാകുമെന്നും വിലയിരുത്തലുണ്ട്. മംദാനിക്കു പുറമേ ഇന്ത്യൻ വംശജർ ഉൾപ്പെടെ ദക്ഷിണേഷ്യയിൽ നിന്നുള്ള അൻപതിലേറെ സ്ഥാനാർഥികൾ വിവിധ നഗരങ്ങളിലെ സുപ്രധാന സ്ഥാനങ്ങളിലേക്കു മത്സരിക്കുന്നുണ്ട്. വെർജീനിയ ലഫ്. ഗവർണർ സ്ഥാനത്തേക്കു മത്സരിക്കുന്ന ഗസല ഹാഷ്മി, സിൻസിനാറ്റി മേയർ സ്ഥാനാർഥി അഫ്താബ് പുരേവൽ, മോറിസ്‍വിൽ മേയർ സ്ഥാനാർഥി സതീഷ് ഗരിമെല്ല എന്നിവരാണ് ഇവരിൽ പ്രമുഖർ.







