കാനഡയിൽ പഠനത്തിനെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി പ്രൂഫ് ഓഫ് ഫണ്ട്സ് തുക വർധിപ്പിച്ചു. നിലവിലെ 22,895 ഡോളറിൽ നിന്നും 553 ഡോളറിന്റെ വർധനയാണ് ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) വരുത്തിയിരിക്കുന്നത്. ഇതോടെ സെപ്റ്റംബർ 1 മുതലോ അതിനു ശേഷമോ സമർപ്പിക്കുന്ന പുതിയ സ്റ്റഡി പെർമിറ്റ് അപേക്ഷകൾക്ക് അപേക്ഷകൻ കാണിക്കേണ്ട മിനിമം ലിവിങ് എക്സ്പെൻസ് 23,448 ഡോളറാകും. യൂണിവേഴ്സിറ്റി ഓഫ് ടൊറൻ്റോ, യൂണിവേഴ്സിറ്റി ഓഫ് വിൻസർ തുടങ്ങിയ യൂണിവേഴ്സിറ്റികൾ പുതിയ നിരക്ക് അംഗീകരിച്ചിട്ടുണ്ട്.
വിദ്യാർത്ഥിക്കൊപ്പം കുടുംബാംഗങ്ങൾ എത്തുന്നുണ്ടെങ്കിൽ ഈ തുക വീണ്ടും വർധിക്കും. രണ്ടുപേർ അടങ്ങുന്ന കുടുംബത്തിന് 29,192 ഡോളറാണ്. മൂന്നുപേർക്ക് 35,888 ഡോളർ പ്രൂഫ് ഓഫ് ഫണ്ട്സ് ആയി കാണിക്കണം. നാലംഗ കുടുംബത്തിന് 43,572 ഡോളറും ഏഴംഗ കുടുംബത്തിന് 62,054 ഡോളറുമാണ് പുതിയ നിരക്ക്. ഏഴിൽ കൂടുതലുള്ള ഓരോ അധിക അംഗത്തിനും 6,318 ഡോളർ വീതം അധികമായി കാണിക്കേണ്ടി വരും.
പുതിയ മിനിമം ലിവിങ് എക്സ്പെൻസ് വിദ്യാർത്ഥിയുടെ താമസത്തിനും ഭക്ഷണത്തിനും മാത്രമുള്ളതാണ്. ട്യൂഷൻ ഫീസും കാനഡയിലേക്കും തിരിച്ചുമുള്ള യാത്രാച്ചെലവും ഇതിന് പുറമെ അപേക്ഷകർ പ്രത്യേകമായി കാണിക്കേണ്ടതുണ്ട്. ഒരു വിദേശ വിദ്യാർത്ഥി ആവശ്യത്തിന് സാമ്പത്തിക ശേഷി തെളിയിക്കാതിരുന്നാൽ ആ സ്റ്റഡി പെർമിറ്റ് നിരസിക്കപ്പെടാൻ സാധ്യത കൂടുതലാണ്. കനേഡിയൻ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ജിഐസി (GIC), വിദേശ ബാങ്കുകളിലെ ലിക്വിഡ് ഫണ്ടുകൾ വ്യക്തമാക്കുന്ന ബാങ്ക് സ്റ്റേറ്റ്മെൻ്റുകൾ, അംഗീകൃത വിദ്യാഭ്യാസ വായ്പകൾ, സ്കോളർഷിപ്പ് രേഖകൾ എന്നിവ പ്രൂഫ് ഓഫ് ഫണ്ട്സ് ആയി സമർപ്പിക്കാം. മാതാപിതാക്കളാണ് സാമ്പത്തിക സഹായം നൽകുന്നതെങ്കിൽ അവരുടെ നാല് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും ഒപ്പിട്ട സപ്പോർട്ട് ലെറ്ററും ആവശ്യമാണ്. വിദ്യാർത്ഥികൾ കാനഡയിലെത്തിയ ശേഷം സാമ്പത്തിക പ്രതിസന്ധിയിലാകുന്നത് തടയാനാണ് IRCC ഈ രീതിയിൽ പ്രതിവർഷം മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നത്.







