ഡിസംബർ 1 മുതൽ കാർബൺ ടാക്സ് വെട്ടിക്കുറയ്ക്കുമെന്ന് ന്യൂബ്രൺസ്‌വിക്ക് സർക്കാർ പ്രഖ്യാപിച്ചു. ഇതോടെ പ്രവിശ്യയിൽ ഇന്ധനവില ലിറ്ററിന് 8 സെൻ്റ് വരെ കുറയും. ഉയർന്ന ജീവിതച്ചെലവ് നേരിടുന്ന ജനങ്ങളെ സഹായിക്കുന്നതിനാണ് ‘കാർബൺ അഡ്ജസ്റ്റർ ടാക്സ്’ എടുത്തു കളയുന്നതെന്ന് പ്രീമിയർ സൂസൻ ഹോൾട്ട് അറിയിച്ചു. ഇത് വഴി ഒരു കുടുംബത്തിന് പ്രതിവർഷം 150 മുതൽ 200 ഡോളർ വരെ ലാഭിക്കാൻ കഴിയുമെന്നും ഹോൾട്ട് പറഞ്ഞു.
2022-ൽ നടപ്പിലാക്കിയ ഈ നികുതി, ഫെഡറൽ ക്ലീൻ ഫ്യുവൽ റെഗുലേഷൻസിന്റെ ചെലവ് ഉപയോക്താക്കളിലേക്ക് കൈമാറുന്നതായിരുന്നു. എന്നാൽ, ഉപയോക്താക്കളെ സംരക്ഷിക്കാനുള്ള സംവിധാനങ്ങൾ പ്രവിശ്യയുടെ എനർജി റെഗുലേറ്റർ കൈക്കൊള്ളുമെന്ന് പ്രകൃതി വിഭവ മന്ത്രി ജോൺ ഹെറോൺ വ്യക്തമാക്കി. എന്നാൽ ഈ നികുതി നീക്കം ചെയ്യുന്നത് ചെറുകിട വ്യാപാരങ്ങൾക്ക് ഭീഷണിയാണെന്നും ജനങ്ങളെ സഹായിക്കാൻ ഇത് പര്യാപ്തമല്ലെന്നും പ്രതിപക്ഷ നേതാവ് ഗ്ലെൻ സാവോയ് ആരോപിച്ചു.







