സാൽമൺ ആമിലെ വർദ്ധിച്ചു വരുന്ന വാഹന മോഷണത്തിൽ മുന്നറിയിപ്പുമായി പൊലീസ്. Lock it or lose it എന്ന മുന്നറിയിപ്പാണ് വാഹന ഉടമകൾക്ക് RCMP നൽകുന്നത്. മോഷണം പോയ വാഹനങ്ങൾക്ക് പുറമെ, കാറുകൾക്കുള്ളിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കപ്പെട്ട നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാത്രി ഒൻപത് മണിക്ക് ഒരു ‘ലോക്ക്-ഇറ്റ്-ഓർ-ലൂസ്-ഇറ്റ്’ ദിനചര്യ ആരംഭിക്കാൻ പോലീസ് താമസക്കാരോട് അഭ്യർത്ഥിച്ചു.
വാഹനങ്ങൾ പൂട്ടാതെയിടുകയോ അല്ലെങ്കിൽ വാഹനം ഓടിക്കാനുള്ള താക്കോലുകൾ ഉള്ളിൽ വെക്കുകയോ ചെയ്തതിൻ്റെ ഫലമായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ട മിക്കവാറും മോഷണങ്ങളെന്ന് ആർ.സി.എം.പി. അറിയിച്ചു. ഒക്ടോബർ ആറിനും 13-നും ഇടയിൽ ആറ് വ്യത്യസ്ത കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രധാനമായും താക്കോലുകൾ കാറിനുള്ളിൽ വെച്ചിരിക്കുന്ന ഒരു വാഹനം മോഷ്ടിച്ചതും, വാതിൽ തുറന്നിട്ട ട്രക്കിൽ നിന്ന് സൺഗ്ലാസുകൾ, പണം, ഗിഫ്റ്റ് കാർഡുകൾ, പാസ്‌പോർട്ട് എന്നിവ മോഷ്ടിച്ച സംഭവങ്ങളും ഇതിൽ ഉൾപ്പെടുന്നു.
വിലപിടിപ്പുള്ള വസ്തുക്കൾ വാഹനത്തിൽ വയ്ക്കാതിരിക്കുക. വാഹനത്തിൻ്റെ വിൻഡോകളും ഡോറുകളും പൂട്ടുക, ഗാരേജ് വാതിലുകൾ അടച്ചിടുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പൊലീസ് നല്കുന്നത്. ഒപ്പം സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ വിവരം അറിയിക്കാനും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും പോലീസ് ആവശ്യപ്പെട്ടു.







