തിരുവനന്തപുരം: എച്ച്എംപി വൈറസ് (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) ബാധ രാജ്യത്തു സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്. ഇപ്പോഴത്തെ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഗർഭിണികളും വയോധികരും ഗുരുതര രോഗമുള്ളവരും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. എച്ച്എംപിവി ഉൾപ്പെടെയുള്ള അണുബാധകൾ കുഞ്ഞുങ്ങളെയും പ്രായാധിക്യം ഉള്ളവരെയും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളതിനാൽ അവരും മറ്റു ഗുരുതരമായ രോഗങ്ങൾ ഉള്ളവർ, പാലിയേറ്റീവ് ചികിത്സ എടുക്കുന്ന ആളുകൾ തുടങ്ങിയവരും കൂടുതൽ ജാഗ്രത പുലർത്തണം.
രോഗങ്ങൾ ഉള്ള സമയത്ത് കുഞ്ഞുങ്ങളെ സ്‌കൂളിൽ വിടരുത്. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ ഉള്ളവർ മാസ്‌ക് ഉപയോഗിക്കണം. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ല. ചൈനയിലെ അവസ്ഥ നിരീക്ഷിക്കുകയാണ്. വ്യാപന സാധ്യതയുള്ള രോഗാണുബാധ കണ്ടെത്തിയാൽ വളരെ വേഗം നിയന്ത്രിക്കാൻ കഴിയുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നു വരുന്ന ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ അവരെയും നിരീക്ഷിക്കും. എന്നാൽ പ്രവാസികൾക്ക് നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
മഹാമാരിയാകാൻ സാധ്യതയുള്ളതോ മറ്റു പ്രദേശങ്ങളിലേക്ക് വേഗം പടരുന്നതോ ആയ വൈറസുകളെ ഇപ്പോൾ ചൈനയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. എങ്കിലും ചൈനയുൾപ്പെടെ ലോകത്തിന്റെ പലഭാഗത്തുനിന്നും പ്രവാസികൾ നാട്ടിലേക്ക് എത്തുന്നതിനാൽ ജാഗ്രത പുലർത്തണം. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്, കോവിഡിന്റെ ചില വകഭേദങ്ങൾ, ഇൻഫ്ളുവൻസ എ വൈറസ് ബാധകൾ എന്നിവയാണ് ശ്വാസകോശസംബന്ധമായ അണുബാധകൾക്കു കാരണമാകുന്നത്. മഹാമാരിയാകാവുന്ന ജനിതക വ്യതിയാനങ്ങൾ ഇവയിൽ സംഭവിച്ചതായി റിപ്പോർട്ടുകളില്ല.
എച്ച്എംപി വൈറസിനെ കണ്ടെത്തിയത് 2001ൽ മാത്രമാണെങ്കിലും കഴിഞ്ഞ 50 വർഷത്തിലേറെയായി കേരളം ഉൾപ്പെടെ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും, പ്രത്യേകിച്ചും കുട്ടികളിൽ ഈ വൈറസ് ബാധയുണ്ടായെന്നാണ് കരുതപ്പെടുന്നത്. പലർക്കും മുൻപു വന്നുപോയ ജലദോഷപ്പനി ഈ വൈറസ് കാരണമാകാം. അതുകൊണ്ടുതന്നെ എച്ച്എംപിവി വൈറസിനെ അപകടകാരിയായ പുതിയ വൈറസായി കാണാൻ കഴിയില്ല. കേരളത്തിലും കുട്ടികളിൽ ഈ വൈറസ് കൊണ്ടുള്ള അണുബാധകളും ചില അവസരങ്ങളിൽ ന്യൂമോണിയകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നമ്മുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഈ രോഗം കണ്ടെത്താനുള്ള സംവിധാനങ്ങളും ഉണ്ട്. വൈറസിൽ കാര്യമായ ജനിതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടില്ല എങ്കിൽ എച്ച്എംപിവി വളരെയധികം ഭീതി വരുത്തുന്ന സാഹചര്യം സൃഷ്ടിക്കാൻ സാധ്യത കുറവാണ്.
നേരത്തേ പറഞ്ഞ വൈറസ് വിഭാഗങ്ങളിൽ രണ്ടാമത്തേത് കോവിഡ് 19 ന്റെ പുതിയ ജനിതക വ്യതിയാനങ്ങളാണ്. മറ്റൊരു മഹാമാരിയാകാൻ സാധ്യത കൽപിക്കപ്പെടുന്ന വൈറസുകളിൽ അവയ്ക്ക് ഇപ്പോഴും പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ, ചൈനയിൽ പടരുന്നുവെന്നു പറയപ്പെടുന്ന ന്യൂമോണിയയ്ക്കു കാരണം കോവിഡിന്റെ പുതിയ ജനിതകവ്യതിയാനങ്ങൾ ആണെങ്കിൽ നാം കരുതിയിരിക്കണം. എങ്കിലും കോവിഡ് വാക്‌സീൻ സ്വീകരിച്ചിട്ടുള്ള ആളുകൾക്കും പുതിയ ജനിതക വ്യതിയാനം അപകടകരമായ രോഗാവസ്ഥ ഉണ്ടാക്കാൻ സാധ്യത കുറവാണ്. പക്ഷേ അണുബാധ പടരുന്ന സാഹചര്യം ഉണ്ടായാൽ പ്രായമുള്ളവരെയും രോഗികളെയും അത് ബാധിക്കാം. അതിനാൽ കരുതിയിരിക്കണം. കോവിഡ് 19 ജനിതക വ്യതിയാനങ്ങൾ തിരിച്ചുവരുന്ന സാഹചര്യം ഉണ്ടായാൽ അതിനെ നേരിടാനും സംസ്ഥാനം സുസജ്ജമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
മേൽപറഞ്ഞ വൈറസ് വിഭാഗങ്ങളിൽ മൂന്നാമത്തേത് ഇൻഫ്ളുവൻസ എ എന്ന വിഭാഗത്തിൽപ്പെടുന്ന, ജന്തുക്കളിലോ പക്ഷികളിലോ ഉത്ഭവിച്ച് മനുഷ്യരിലേക്കു കടന്നെത്തുന്ന ഇൻഫ്ളുവൻസ വിഭാഗത്തിൽ പെടുന്ന വൈറസ് ബാധകളാണ്. കേരളം ഇന്ന് ഏകാരോഗ്യ സമീപനത്തിലൂടെ നേരിടാൻ ശ്രമിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രോഗങ്ങളുടെ ഒരു വിഭാഗമാണ് ഇൻഫ്ളുവൻസ. മാത്രമല്ല, വൈറസ് ബാധകളിൽ മഹാമാരികളാകാൻ ഏറ്റവും സാധ്യത കൽപിക്കപ്പെടുന്നതും ഇൻഫ്ളുവൻസ വിഭാഗത്തിൽപ്പെട്ട പനികൾക്കാണ്. ചൈനയിൽ ഇപ്പോൾ പൊട്ടപ്പുറപ്പെട്ട രോഗാണുബാധയിൽ ഇൻഫ്ളുവൻസ രോഗത്തിന് എത്രത്തോളം സ്വാധീനം ഉണ്ട്, ഉണ്ടെങ്കിൽ ഏതുതരമാണ് തുടങ്ങിയ കാര്യങ്ങൾ പുറത്തു വരാനിരിക്കുന്നതേയുള്ളൂ.
എങ്കിലും എച്ച്1 എൻ1 പോലെ നിലവിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇൻഫ്ളുവൻസ വൈറസിൽ അപകട സ്വഭാവമുള്ള പുത്തൻ ജനിതക വ്യതിയാനങ്ങളോ പുത്തൻ ഇൻഫ്ളുവൻസ വൈറസോ കടന്നുവന്നതായി റിപ്പോർട്ടുകളില്ല. എങ്കിലും ഇൻഫ്ളുവൻസാ രോഗങ്ങളെ നിരീക്ഷിക്കുന്നതും ശക്തമാക്കിയിട്ടുണ്ട്. ഇൻഫ്ളുവൻസ ഗർഭിണികൾക്ക് അപൂർവമായെങ്കിലും അപകടം വരുത്താം. അതിനാൽ ഗർഭിണികൾ മാസ്‌ക് ഉപയോഗിക്കുകയും ശ്വാസകോശ അണുബാധയുള്ള ആളുകളിൽനിന്ന് അകലം പാലിക്കുകയും വേണം.