ബ്രിട്ടീഷ് കൊളംബിയയിലുള്ള സറേ നഗരത്തിൽ ഇന്ത്യൻ സെലിബ്രിറ്റി കപിൽ ശർമ്മയുടെ ഉടമസ്ഥതയിലുള്ള കഫേയ്ക്ക് നേരെ മൂന്നാം തവണയും വെടിവെയ്പ്പുണ്ടായി. കപ്പിൽ ശർമ്മയുടെ ‘കാപ്‌സ് കഫേ’യ്ക്ക് നേരെയാണ് അജ്ഞാതരായ അക്രമികൾ വെടിയുതിർത്തത്. ഈ വർഷം ഇത് മൂന്നാം തവണയാണ് സ്ഥാപനം ആക്രമിക്കപ്പെടുന്നത്. പുലർച്ചെ 4 മണിയോടെയാണ് വെടിവെപ്പുണ്ടായതെന്നും സംഭവസമയത്ത് കഫേയിൽ ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്നും സറേ പോലീസ് സർവീസ് അറിയിച്ചു. സമീപകാലത്ത് ഈ മേഖലയിൽ വർധിച്ചു വരുന്ന പണം തട്ടിയെടുക്കാനുള്ള ഭീഷണിയുമായി ബന്ധപ്പെട്ടതാണ് ഈ ആക്രമണവും എന്നാണ് പ്രാഥമിക സൂചന.
സറേയിലും ലോവർ മെയിൻലാൻഡിലുമുള്ള സൗത്ത് ഏഷ്യൻ വംശജരുടെ ഉടമസ്ഥതയിലുള്ള നിരവധി ബിസിനസ് സ്ഥാപനങ്ങൾക്ക് നേരെ ഈ വർഷം സമാനമായ വെടിവയ്പ്പുകളും ഭീഷണികളും ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ നഗരത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഈ ആക്രമണങ്ങൾക്ക് പിന്നിൽ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിന് പങ്കുണ്ടെന്ന് കനേഡിയൻ പോലീസ് സംശയിക്കുന്നുണ്ട്.
സംഭവസ്ഥലത്ത് നിന്ന് വെടിയുണ്ടയുടെ പാടുകൾ കണ്ടെത്തിയതായും കൂടുതൽ തെളിവുകൾക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി. വർധിച്ചു വരുന്ന ഭീഷണികളും അക്രമങ്ങളും തടയാനായി പ്രവിശ്യാ തലത്തിൽ ഒരു എക്സ്റ്റോർഷൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. ഈ ടാസ്ക് ഫോഴ്സ് നിലവിലെ സംഭവവും അന്വേഷിക്കുന്നുണ്ട്.







