കാനഡയിൽ മൊബൈൽ ഫോൺ എത്തിയിട്ട് നാല് പതിറ്റാണ്ട് പിന്നിടുന്നു. കനേഡിയൻ ചരിത്രത്തിലെ ആദ്യത്തെ വയർലെസ് കോൾ നടന്നത് 40 വർഷങ്ങൾക്ക് മുമ്പ് 1985 ജൂലൈ ഒന്നിന് ആണ്. അന്നത്തെ ടൊറൻ്റോ മേയർ ആർട്ട് എഗിൾട്ടൺ 10 പൗണ്ട് ഭാരമുള്ളൊരു മൊബൈൽ ഫോൺ ഉപയോഗിച്ച് മോൺട്രിയൽ മേയർ ജീൻ ഡ്രാപ്യൂവിനെ ആണ് വിളിച്ചത്. ആദ്യ വയർലെസ് ഫോണിൻ്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് ഇപ്പോൾ പലരും.
ഇപ്പോഴത്തെ അപേക്ഷിച്ച് വലിയ ഹാൻഡ് സെറ്റുകളായിരുന്നു അന്നത്തെ കാലത്തേതെന്ന് 86കാരനായ പിയറി റോബിറ്റൈൽ ഓർക്കുന്നു. 40 വർഷങ്ങൾക്ക് മുമ്പ്, കാനഡയിൽ ആദ്യമായി വയർലെസ് പ്ലാൻ ലഭ്യമായപ്പോൾ, സൈൻ അപ്പ് ചെയ്ത ആളുകളിൽ ഒരാളായിരുന്നു പിയറി. ഒരു ഇലക്ട്രീഷ്യൻ എന്ന നിലയിൽ, വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ സഹപ്രവർത്തകരുമായും ക്ലയന്റുകളുമായും ബന്ധം നിലനിർത്താൻ ഒരു മാർഗം അദ്ദേഹം ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് അദ്ദേഹം മൊബൈൽ ഫോൺ ഉപയോഗിച്ച് തുടങ്ങിയത്. ആദ്യം കാറിൽ ഉപയോഗിക്കാവുന്ന ഫോണായിരുന്നു നിലവിൽ വന്നത്. പിന്നീട് കൈയിൽ പിടിക്കാവുന്ന പതിപ്പുകൾ വന്നു.
ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ റോജേഴ്‌സ് പറയുന്നത്, ആദ്യ മാസത്തിൽ കാനഡയിലെ മൊബൈൽ നെറ്റ്‌വർക്കുകൾ പ്രതിദിനം 100 കോളുകളാണ് കൈകാര്യം ചെയ്തിരുന്നതെന്നാണ്. ഇന്നത് 100 ദശലക്ഷം കോളുകളായി ഉയർന്നു, അതുപോലെ റോജേഴ്‌സ് നെറ്റ്‌വർക്കിൽ മാത്രം 6.5 ബില്യൺ മെഗാബൈറ്റ് ഡാറ്റയും ഉപയോഗിക്കപ്പെടുന്നു. ഒൻ്റാരിയോയിലെ ഓക്ക്‌വില്ലെയിൽ താമസിക്കുന്ന പീറ്റർ കെൻ്റ് ആണ് മൊബൈൽ ഫോൺ ആദ്യം ഉപയോഗിച്ച മറ്റൊരു വ്യക്തി. കാർ ഫോൺ ഇൻസ്റ്റാൾ ചെയ്യാൻ ഏകദേശം $3,500 ചിലവായെന്ന് അദ്ദേഹം ഓർക്കുന്നു.