മോൺട്രിയൽ : വിമാന നിർമ്മാതാക്കളായ ബൊംബാർഡിയെ-യിലെ തൊഴിലാളികൾ പണിമുടക്ക് ആരംഭിക്കാനൊരുങ്ങുന്നു. കമ്പനി മുന്നോട്ടുവെച്ച ഏറ്റവും പുതിയ കരാർ തള്ളിയ തൊഴിലാളികൾ പണിമുടക്കിന് അനുകൂലമായി വൻ ഭൂരിപക്ഷത്തോടെ വോട്ട് ചെയ്തതായി യൂണിയൻ അറിയിച്ചു. മോൺട്രിയലിൽ ചേർന്ന യോഗത്തിൽ 97.8% പേരും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തതായി യൂണിയൻ വ്യക്തമാക്കി.
വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 97.5 % പേരും കമ്പനിയുടെ കരാർ തള്ളിയതായി മോൺട്രിയൽ മേഖലയിലെ ഏകദേശം 2,400 ബൊംബാർഡിയെ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് മെഷിനിസ്റ്റ്സ് ആൻഡ് എയ്റോസ്പേസ് വർക്കേഴ്സ് പറയുന്നു. നിലവിലുള്ള കരാർ (collective agreement) ഡിസംബർ 4-ന് അവസാനിക്കുമെന്നും, അതിനുള്ളിൽ പുതിയ കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും യൂണിയൻ മുന്നറിയിപ്പ് നൽകി.








