ദുബായ് : ഇറാന്‍റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഏഷ്യൻ വംശജനാണ് കൊല്ലപ്പെട്ടതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതേസമയം, ഇറാനിയൻ ആക്രമണത്തിനെതിരേ പ്രതികരിക്കാൻ തങ്ങൾക്ക് പൂർണ അവകാശമുണ്ടെന്ന് യുഎഇ വ്യക്തമാക്കി. രാജ്യത്തെ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചെന്നും വ്യോമപ്രതിരോധ സംവിധാനങ്ങൾ നിരവധി മിസൈലുകൾ പ്രതിരോധിച്ചെന്നും യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു.
അബുദാബിയിലെ ജനവാസമേഖലയിലാണ് മിസൈലുകൾ പതിച്ചത്. ഈ ആക്രമണത്തിലാണ് നാശനഷ്ടങ്ങളുണ്ടായതെന്നും ഏഷ്യൻ പൗരൻ കൊല്ലപ്പെട്ടതെന്നും പ്രസ്താവനയിൽ പറയുന്നു. ഇറാന്‍റെ ആക്രമണത്തെ ശക്തമായി അപലപിച്ച യുഎഇ, സാധാരണക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഇത്തരം ആക്രമണങ്ങൾ ഭീരുത്വം നിറഞ്ഞ പ്രവൃത്തിയാണെന്നും കുറ്റപ്പെടുത്തി. ഇത്തരം ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇതിനെതിരേ തിരിച്ചടിക്കാൻ രാജ്യത്തിന് പൂർണമായ അവകാശമുണ്ടെന്നും യുഎഇ മുന്നറിയിപ്പ് നൽകി.







