ഐ പി സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന്‍റെ 26 – മത് വാർഷിക കൺവൻഷൻ സെപ്റ്റംബർ 4 മുതൽ 6 വരെ സൗത്ത് ഫ്ലോറിഡയിൽ നടക്കും. ഐ.പി.സി ചർച്ചിൽ (6180 NW 11th Street, Sunrise) നടക്കുന്ന വാർഷിക കൺവൻഷനിൽ റവ. ഡോ. വിൽസൻ വർക്കി, റവ.ഡോ. തോംസൺ കെ.മാത്യൂ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. സമാപന ദിവസമായ സെപ്റ്റംബർ 6 ന് ഞായറാഴ്ച സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷയും നടക്കും.
റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ കെ.സി. ജോൺ കൺവൻഷൻ ഉദ്ഘാടനം നിർവ്വഹിക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ റോയി വാകത്താനം അധ്യക്ഷത വഹിക്കും. റീജിയൻ ക്വയർ പ്രെയ്സ് ആൻ്റ് വർഷിപ്പിന് നേതൃത്വം നൽകും. യുവജന സമ്മേളനം, സഹോദരി സമ്മേളനം തുടങ്ങിയവ ശനിയാഴ്ച 10 മുതൽ 12.30 വരെയും കൗൺസിൽ യോഗം 2 മുതൽ 4 വരെയും ഉണ്ടായിരിക്കുന്നതാണ്. ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിശ്വാസികളും ശുശ്രുഷകന്മാരും കൺവൻഷനിൽ സംബന്ധിക്കും. സമ്മേളന വിജയത്തിനായി റീജിയൻ ഭാരവഹികളായി പാസ്റ്റർ കെ.സി ജോൺ (പ്രസിഡൻ്റ്), പാസ്റ്റർ എ.സി ഉമ്മൻ (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ റോയി വാകത്താനം (സെക്രട്ടറി), നിബു വെള്ളവന്താനം (ജോയിൻ്റ് സെക്രട്ടറി), എബ്രഹാം തോമസ് (ട്രഷറർ) എന്നിവർ പ്രവർത്തിക്കുന്നു.







