newsroom@amcainnews.com

വിലക്കയറ്റവും ഉയർന്ന ജീവിച്ചെലവും: കാനഡയിലെ ഫുഡ് ബാങ്കുകൾ പ്രതിസന്ധിയിൽ

ജീവിതച്ചെലവ് കുതിച്ചുയർന്നതോടെ കാനഡയിലെങ്ങും കടുത്ത ഭക്ഷ്യപ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. വിശപ്പടക്കാൻ സൗജന്യ ഭക്ഷണശാലകളെയും ഫുഡ് ബാങ്കുകളെയും ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണ് കഴിഞ്ഞ മാസങ്ങളിൽ രേഖപ്പെടുത്തിയത്. പ്രതിസന്ധി രൂക്ഷമായതോടെ ആവശ്യക്കാർക്ക് നൽകുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും വിതരണം ചെയ്യുന്ന ദിവസങ്ങൾ വെട്ടിച്ചുരുക്കാനും ഫുഡ് ബാങ്കുകൾ നിർബന്ധിതരായിരിക്കുകയാണ്.

കോവിഡ് കാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും സൃഷ്ടിച്ച ആഘാതമാണ് കാനഡയിലെ നിലവിലെ സാഹചര്യങ്ങൾക്ക് വഴിവെച്ചത്. ഇതിനുപിന്നാലെ രാജ്യമൊട്ടാകെ പടർന്ന പണപ്പെരുപ്പവും പലിശനിരക്കിലെ വർധനവും സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി. വീട്ടുവാടക, ഇന്ധനം, നിത്യോപയോഗ സാധനങ്ങൾ എന്നിവയ്ക്കുണ്ടായ അനിയന്ത്രിതമായ വിലക്കയറ്റമാണ് മുൻപൊന്നുമില്ലാത്ത വിധം ജനങ്ങളെ ഫുഡ് ബാങ്കുകളിലേക്ക് എത്തിക്കുന്നത്. ടൊറന്റോ, വൻകൂവർ തുടങ്ങിയ വൻനഗരങ്ങൾ മുതൽ ചെറുഗ്രാമങ്ങളിൽ വരെ സമാനമായ സാഹചര്യമാണ് നിലവിലുള്ളത്.

ആൽബർട്ടയിൽ മാത്രം ഈ മാസം ഒന്നി ലക്ഷത്തിലധികം ആളുകളാണ് സൗജന്യ ഭക്ഷണത്തിനായി എത്തിയത്. ഇതിൽ 36 ശതമാനവും കുട്ടികളാണെന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. സസ്കാച്വാൻ പ്രവിശ്യയിലെ മൂസ് ജാ എന്ന പ്രദേശത്ത് നാല് വർഷം മുൻപുള്ളതിനേക്കാൾ 150 ശതമാനമാണ് ആവശ്യക്കാരുടെ വർധന. ഇതോടെ ആഴ്ചയിൽ രണ്ടുതവണ നൽകിയിരുന്ന ഭക്ഷ്യവിതരണം മാസത്തിൽ ഒന്നായി കുറയ്ക്കാൻ ഇവിടുത്തെ അധികൃതർ നിർബന്ധിതരായി. ഒന്റാരിയോയിൽ കഴിഞ്ഞ വർഷം പത്ത് ലക്ഷത്തിലധികം ആളുകളാണ് ഫുഡ് ബാങ്കുകളെ ആശ്രയിച്ചത്.

ലഭിക്കുന്ന സംഭാവനകളിൽ ഉണ്ടായ കുറവും ഫുഡ് ബാങ്കുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മുൻപ് സഹായങ്ങൾ നൽകിയിരുന്നവർ പോലും ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. പല കേന്ദ്രങ്ങളിലും ജീവനക്കാർ സ്വന്തം കൈയിൽനിന്ന് പണം നൽകിയാണ് സാധനങ്ങൾ വാങ്ങുന്നത്. ഭവനരഹിതരുടെ എണ്ണം വർധിക്കുന്നതും വീട്ടുവാടക താങ്ങാൻ കഴിയാത്തതുമാണ് ആളുകളെ ഈ ദുരവസ്ഥയിലേക്ക് തള്ളിവിടുന്നത്. പ്രശ്നപരിഹാരത്തിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ദീർഘകാലാടിസ്ഥാനത്തിലുള്ള നയങ്ങൾ രൂപീകരിക്കണമെന്നുമാണ് ഭക്ഷ്യസുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളുടെ ആവശ്യം.

You might also like

നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു

വേതന വർധനയുമായി കാനഡ: പുതിയ നിരക്കുകൾ ഏപ്രിൽ മുതൽ

കാൽഗറി മുൻ മേയർക്കും കൗൺസിലർമാർക്കുമെതിരെ ആർ.സി.എം.പി അന്വേഷണം; കൗൺസിലർമാരുടെ ഫോണുകൾ പിടിച്ചെടുത്തു, കാൽഗറി രാഷ്ട്രീയത്തിൽ വൻ വിവാദം

കാനഡയുടെ ഓൾഡ് ഏജ് സെക്യൂരിറ്റിയിൽ മാറ്റം വരുന്നു? ഉയർന്ന വരുമാനക്കാർക്ക് ആനുകൂല്യം നഷ്ടപ്പെട്ടേക്കാം

കാനഡയിൽ ഏർലി റിട്ടയർമെന്റ് പദ്ധതി തുടങ്ങി; പെൻഷൻ കുറയാതെ നേരത്തെ വിരമിക്കാം, അപേക്ഷകൾ ക്ഷണിച്ചു

മുൻകരുതലില്ലാതെ ഐസിൽ ഇറങ്ങി; 23 പേരുടെ രക്ഷാപ്രവർത്തനത്തിന് ലക്ഷങ്ങൾ ചെലവ്; പിഴ ഈടാക്കാൻ പോലീസ്

Top Picks for You
Top Picks for You