2026 ലെ സമാധാന നൊബേൽ പുരസ്കാരം രാജ്യാന്തര മനുഷ്യാവകാശ പ്രവർത്തകയും ദക്ഷിണാഫ്രിക്കയിലെ പ്രമുഖ നിയമജ്ഞയുമായ ഇന്ത്യൻ വംശജ നവനീതം പിള്ളയ്ക്ക്. 2008 –2014 കാലത്ത് ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണറായി സേവനമനുഷ്ഠിച്ച നവനീതം പിള്ള ദക്ഷിണാഫ്രിക്കയിലും രാജ്യാന്തര തലത്തിലും വംശീയ, ലിംഗ, വർണ വിവേചനങ്ങൾക്കെതിരെ ശക്തമായി പോരാടിയിട്ടുണ്ട്.
ഇന്ത്യൻ വംശജരായ തമിഴ് കുടുംബത്തിൽ 1941 സെപ്റ്റംബർ 23 ന് ദക്ഷിണാഫ്രിക്കയിലെ ഡർബനിലുള്ള ക്ലെയർവുഡിലാണ് ജനനം.നവനീതം പിള്ളയുടെ മുത്തശ്ശൻ തമിഴ്നാട് സ്വദേശിയാണ്. കരാർ തൊഴിലാളിയായാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയിലെത്തിയത്. പിതാവ് ബസ് ഡ്രൈവറായിരുന്നു. നവനീതം പിള്ള നാറ്റൽ സർവകലാശാലയിൽനിന്ന് ബിഎ, എൽഎൽബി ബിരുദങ്ങൾ നേടി. ഹാർവഡ് ലോ സ്കൂളിൽനിന്ന് എൽഎൽഎം ബിരുദവും 1988 ൽ നിയമത്തിൽ ഡോക്ടറേറ്റും നേടി. ഹാർവഡിൽനിന്ന് ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ ദക്ഷിണാഫ്രിക്കക്കാരി കൂടിയാണ് അവർ. 1967-ൽ നാറ്റൽ പ്രവിശ്യയിൽ സ്വന്തം നിയമസ്ഥാപനം ആരംഭിച്ച ആദ്യ വനിതയായും അവർ ചരിത്രം കുറിച്ചു. വർണ വിവേചനത്തിനെതിരെ പോരാടിയ സാമൂഹിക പ്രവർത്തകർക്കും രാഷ്ട്രീയത്തടവുകാർക്കും വേണ്ടി കോടതിയിൽ ഹാജരായി. തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും പീഡനങ്ങൾക്കെതിരെ ശബ്ദമുയർത്താനും മുന്നിട്ടിറങ്ങി. 1995 ൽ ദക്ഷിണാഫ്രിക്കയിലെ ഹൈക്കോടതിയിൽ ആക്ടിങ് ജഡ്ജിയായി നിയമിതയായ ആദ്യ കറുത്തവർഗക്കാരിയും നവനീതമാണ്.







