അയര്‍ലന്‍ഡില്‍ ഇന്ത്യൻ പൗരനെ ജനക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. ടാലറ്റിലെ പാര്‍ക്ക് ഹില്‍ റോഡിലാണ് ഒരു കൂട്ടം ഐറിഷ് യുവാക്കള്‍ യുവാവിനെ മര്‍ദിച്ചത്. കുട്ടികളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ആക്രമണത്തില്‍ യുവാവിന്റെ കൈകള്‍ക്കും കാലുകള്‍ക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റു. വംശീയ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്തെ ജനപ്രതിനിധികള്‍ പരുക്കേറ്റയാളെ സന്ദര്‍ശിച്ചു. പരുക്കേറ്റയാള്‍ മൂന്ന് ആഴ്ച മുന്‍പാണ് അയര്‍ലന്‍ഡിലെത്തിയതെന്നും സംഭവത്തിന്റെ ഞെട്ടലിലാണെന്നും സ്ഥലത്തെ കൗണ്‍സിലര്‍ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
കുടിയേറ്റക്കാര്‍ക്കെതിരെ ആക്രമണങ്ങള്‍ കൂടുന്നുണ്ടെന്നും അവര്‍ പ്രശ്‌നക്കാരാണെന്നുള്ള പ്രതീതി ഉണ്ടാക്കാനുള്ള മനഃപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം അയര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്ര സംഭവത്തെ അപലപിച്ചു. പരുക്കേറ്റയാളോട് ഐറിഷ് ജനത കാണിച്ച പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.