ചൈനയ്ക്ക് പിന്നാലെ ഇന്ത്യയില്‍ നിന്നും കാനഡയ്ക്ക് തിരിച്ചടി. കാനഡയുടെ യെല്ലോ പീസ് (Yellow Pea) വിപണിക്ക് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ട് ഇന്ത്യ പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു. നവംബര്‍ ഒന്നിനോ അതിനുശേഷമോ ബില്‍ ഓഫ് ലോഡിങ് തീയതിയിലുള്ള പയര്‍ ഇറക്കുമതിക്ക് ഇന്ത്യ 30 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്.
ചൈനീസ് വിപണിയില്‍ നിന്ന് കാനഡ പുറത്തായ സാഹചര്യത്തില്‍, ഇന്ത്യന്‍ വിപണി കാനഡയ്ക്ക് അത്യാവശ്യമായിരുന്നു. ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍, സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് കാനഡ തീരുവ ചുമത്തിയതിനുള്ള മറുപടിയായി, മാര്‍ച്ചില്‍ ചൈന കനേഡിയന്‍ പയറുകള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് 30 ശതമാനം തീരുവയുമായി ഇന്ത്യയുടെ പുതിയ നടപടി.
ഈ വ്യാപാര തടസ്സങ്ങള്‍ യെല്ലോ പീസ് വിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. സസ്‌കച്വാന്‍ അഗ്രികള്‍ച്ചര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, പയറിന്റെ വില ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 34 ശതമാനം കുറഞ്ഞു. ‘സാധാരണയായി, വിളവെടുപ്പിന് ശേഷം ഒരു ബുഷലിന് 10 ഡോളറാണ് വില ലഭിക്കാറ്, എന്നാല്‍ നിലവിലെ വില അതിലും വളരെ കുറവാണ്,’ സ്‌ക്വയര്‍ പറഞ്ഞു. ഒക്ടോബര്‍ 29 വരെ, ഇടത്തരം നമ്പര്‍ 1 പയറിന്റെ ശരാശരി വില ഒരു ബുഷലിന് 6.95 ഡോളറാണ്.







