ഇമിഗ്രേഷൻ സുരക്ഷാ സ്ക്രീനിംഗ് അപേക്ഷകളുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവീസ്. ഇതേ തുടർന്ന് ഇടപാടുകാർക്ക് നീണ്ട കാലതാമസം നേരിടുന്നുണ്ടെന്ന് ഇമിഗ്രേഷൻ അഭിഭാഷകർ പറയുന്നു. 2024-ൽ ഇമിഗ്രേഷൻ, അതിർത്തി ഉദ്യോഗസ്ഥരിൽ നിന്ന് 5,38,000-ത്തിലധികം സ്‌ക്രീനിംഗ് അഭ്യർത്ഥനകൾ ലഭിച്ചതായി ഇൻ്റലിജൻസ് ഏജൻസിയുടെ പുതിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു. 2023-ന് മുമ്പ് പ്രതിവർഷം ലഭിച്ചിരുന്ന 3,00,000 സ്‌ക്രീനിംഗ് അഭ്യർത്ഥനകളുമായി താരതമ്യം ചെയ്യുമ്പോൾ ഗണ്യമായ വർദ്ധനവാണിത്.
സുരക്ഷാ പരിശോധനയ്ക്കായി കാത്തിരിക്കുന്ന അപേക്ഷകൾ നിരവധിയുണ്ടെങ്കിലും, രഹസ്യാന്വേഷണ ഏജൻസി അവ പൂർത്തിയാക്കാൻ കൂടുതൽ സമയം എടുത്തേക്കുമെന്നും റിപ്പോർട്ട് പറയുന്നു. കാനഡയിലേക്ക് വരുന്ന അഭയാർത്ഥികളുടെ എണ്ണത്തിലുണ്ടായ വർധനവാണ് സ്ക്രീനിംഗ് അഭ്യർത്ഥനകളിലെ വർദ്ധനവിന് ഒരു കാരണം. സുരക്ഷാ പരിശോധന കാരണം തങ്ങളുടെ ക്ലയന്റുകൾക്ക് വലിയ കാലതാമസം നേരിടുന്നുണ്ടെന്നും എന്തുകൊണ്ടെന്ന് ആരും വിശദീകരിക്കുന്നില്ലെന്നും ബിസിയിലെയും ഒന്റാറിയോയിലെയും ഇമിഗ്രേഷൻ അഭിഭാഷകർ പറയുന്നു.