ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ച് 32 പേര്‍ക്ക് ദാരുണാന്ത്യം. കാവേരി ട്രാവല്‍സിന്റെ ബസിനാണ് തീപിടിച്ചത്. ബസ് ഒരു ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് തീപിടിച്ചതെന്നാണ് വിവരം. 40 പേരാണ് ബസിനുള്ളിലുണ്ടായിരുന്നതെന്നും വിവരമുണ്ട്.
കുര്‍ണൂല്‍ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ബസ് പൂര്‍ണമായി കത്തി നശിച്ചു. ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഈ വാഹനം ബസിനടിയില്‍ കുടുങ്ങിപ്പോയിരുന്നു. ഈ അപകടമാണ് തീപിടിക്കാന്‍ കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മുഴുവന്‍ ഗ്ലാസ് വിന്‍ഡോകളുള്ള എസി ബസാണ് അപകടത്തില്‍പ്പെട്ടത്. ജനല്‍ച്ചില്ല് തകര്‍ത്ത് പുറത്തേക്ക് ചാടി ചില യാത്രക്കാര്‍ രക്ഷപ്പെട്ടതായി കുര്‍നൂല്‍ എസ് പി വിക്രാന്ത് പാട്ടീല്‍ അറിയിച്ചു.







