കാനഡയിലെ ഭവന വിപണിയിൽ ആവശ്യക്കാർ ഏറിയതോടെ ഈ വർഷം വീടുകളുടെ വില വീണ്ടും വർധിക്കുമെന്ന് റിയൽ എസ്റ്റേറ്റ് കമ്പനിയായ റോയൽ ലെപേജ് റിപ്പോർട്ട്. 2026-ൻ്റെ അവസാന പകുതിയോടെ കാനഡയിലെ വീടുകളുടെ ശരാശരി വില മുൻവർഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം വർധിച്ച് 8,23,344 ഡോളറിലെത്തുമെന്നാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. നേരത്തെ ഒരു ശതമാനം വർധനവാണ് പ്രവചിച്ചിരുന്നത്.
കാനഡയിലെ പ്രധാന നഗരങ്ങളിൽ വീടുകളുടെ വിലയിൽ വ്യത്യാസമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ക്യൂബെക് സിറ്റിയിലാണ് വീടുകളുടെ വില ഏറ്റവും കൂടുതൽ വർധിക്കാൻ സാധ്യത. ഏകദേശം എട്ടു ശതമാനം വില വർധനയാണ് പ്രവചനത്തിലുള്ളത്. മോൺട്രിയൽ, വിന്നിപെഗ് എന്നീ നഗരങ്ങളിൽ അഞ്ച് ശതമാനവും ഹാലിഫാക്സ്, എഡ്മിന്‍റൻ, റജീന എന്നിവിടങ്ങളിൽ 4 ശതമാനം വർധനവിനും സാധ്യതയുണ്ട്. എന്നാൽ കാനഡയിലെ ഏറ്റവും വലിയ ഭവന വിപണിയായ വാൻകൂവർ, ടൊറൻ്റോ എന്നിവിടങ്ങളിൽ യഥാക്രമം മൂന്നര ശതമാനവും രണ്ട് ശതമാനവും വില കുറയാൻ സാധ്യതയുണ്ട്.
വർഷത്തിൻ്റെ തുടക്കത്തിൽ ഭവന വിപണിയിൽ മന്ദഗതിയായിരുന്നെങ്കിലും മേയ്, ജൂൺ മാസങ്ങളിൽ വിപണി സജീവമായി. വരും മാസങ്ങളിലും ഈ മുന്നേറ്റം തുടരുമെന്ന് റോയൽ ലെപേജ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതേസമയം, പണപ്പെരുപ്പവും അമേരിക്കയുമായുള്ള വ്യാപാര കരാറിലെ (CUSMA) അനിശ്ചിതത്വങ്ങളും കാരണം വീടുകൾ വാങ്ങുന്നത് അടക്കം വലിയ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ കാനഡക്കാർ ഇപ്പോഴും മടിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വലിയ നഗരങ്ങളിൽ വില അല്പം കുറയുന്നത് പുതുതായി വീട് വാങ്ങാൻ ഒരുങ്ങുന്നവർക്ക് സഹായകരമാകുമ്പോൾ, മറ്റ് ചെറുകിട നഗരങ്ങളിൽ വില സ്ഥിരമായി ഉയരുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.







