ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് കരൂരിൽ എത്താത്തതിൽ പ്രതിഷേധിച്ച് 20 ലക്ഷം രൂപ തിരിച്ചുനൽകി വീട്ടമ്മ. ദുരന്തത്തിൽ മരിച്ച രമേശിൻറെ ഭാര്യ സാംഗവി ആണ് ടിവികെയുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം തിരിച്ചയച്ചത്. മഹാബലിപുരത്തെ കൂടിക്കാഴ്ചയ്ക്ക് തന്നെ വിളിച്ചില്ലെന്നും സാംഗവി പറഞ്ഞു. സാംഗവിയുടെ ഭർതൃസഹോദരി ഭൂപതിയും ബന്ധുക്കളും ചെന്നൈയിൽ എത്തിയിരുന്നു.
വിജയ്ക്കെതിരെ തിരുച്ചിറപ്പള്ളിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മരിച്ച ടിവികെ പ്രവർത്തകരുടെ കുടുംബത്തെ അവഗണിച്ചെന്നാണ് പരാതി. കഴിഞ്ഞ വർഷത്തെ വിക്രവാണ്ടി സമ്മേളനത്തിനിടെ മരിച്ച ശ്രീനിവാസൻ, കല എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. ഒരു സമുദായ സംഘടനയുടെ പേരിലാണ് പോസ്റ്റർ വന്നത്. 15 വർഷം വിജയ്ക്കായി പ്രവർത്തിച്ച ഇരുവരെയും മറന്നു. രണ്ട് പേരുടെയും കുടുംബം അനാഥമായെന്നും പോസ്റ്ററിൽ പറയുന്നു.
അതേസമയം, കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് വിജയ് മാപ്പ് ചോദിച്ചു. തൻറെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് മാപ്പ് ചോദിച്ചത്. വിജയ് കാലിൽ തൊട്ട് മാപ്പ് ചോദിച്ചതായി മരിച്ചവരുടെ ബന്ധുക്കളായ സ്ത്രീകൾ പറഞ്ഞു. കരൂരിൽ സംഭവിച്ചത് എന്തെന്ന് മനസിലായിട്ടില്ലെന്നും വിജയ് കൂടിക്കാഴ്ചയിൽ പറഞ്ഞു. കരൂരിലെ വീട്ടിലേക്ക് എത്താത്തതിലും ക്ഷമ ചോദിച്ചു.
കരൂരിൽ വെച്ച് കുടുംബങ്ങളെ കാണാത്തതിൽ വിജയ് വിശദീകരണം നൽകി. മൂന്ന് മണിക്കൂറിൽ കൂടുതൽ പരിപാടി അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു. എല്ലാവരോടും വിശദമായി സംസാരിക്കാൻ വേണ്ടിയാണ് ചെന്നൈയിലേക്ക് വരാൻ പറഞ്ഞതെന്ന് വിജയ് വ്യക്തമാക്കി. ഇന്നലെ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം വരെ മഹാബലിപുരത്തെ റിസോർട്ടിൽ വച്ചാണ് കരൂരിൽ മരിച്ചവരുടെ കുടുംബങ്ങളുമായി വിജയ് സംസാരിച്ചത്.
37 കുടുംബങ്ങളാണ് മഹാബലിപുരത്തേക്ക് എത്തിയത്. ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് ദുരിതബാധിതരുടെ കുടുംബങ്ങളെ നേരിട്ട് കണ്ടത്. എല്ലാ കുടുംബങ്ങൾക്കും വിജയ് സാമ്പത്തിക സഹായവും കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവും ഉറപ്പുനൽകിയിട്ടുണ്ട്. ടിവികെ ബുക്ക് ചെയ്ത 50 ഓളം മുറികളുള്ള റിസോർട്ടിൽ വെച്ച് വിജയ് ഓരോ കുടുംബത്തെയും വ്യക്തിപരമായി കണ്ടു. ദുരിതമനുഭവിക്കുന്നവരുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ ഉൾപ്പെടെ എല്ലാ സഹായങ്ങളും നൽകുമെന്ന് വിജയ് ഉറപ്പുനൽകി.
കഴിഞ്ഞ മാസം ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് മരിച്ചത്. സംഭവത്തിൽ സുപ്രീംകോടതി നിർദേശ പ്രകാരം സിബിഐ അന്വേഷണം തുടങ്ങി. സിബിഐ അന്വേഷണം നിരീക്ഷിക്കുന്നതിനായി സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി അജയ് രസ്തോഗിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെയും നിയോഗിച്ചു.







