ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി 10 ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ് അറിയിച്ചു. ഗാസയിലെ പോരാട്ടം അവസാനിപ്പിക്കാനുള്ള ഒരു കരാറിനുള്ള സാധ്യതകളെക്കുറിച്ച് ഇസ്രയേല്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.
ഖത്തറിന്റെ മധ്യസ്ഥതയില്‍ നാല് ദിവസത്തെ പരോക്ഷ ചര്‍ച്ചകള്‍ ശേഷമാണ് ഹമാസ് ബന്ദികളെ വിട്ടയക്കുമെന്ന് പ്രഖ്യാപിച്ചത്. 60 ദിവസത്തെ വെടിനിര്‍ത്തല്‍ ഉടമ്പടി ഈ ആഴ്ച തന്നെ ഉണ്ടാകുമെന്ന് യുഎസും സൂചന നല്‍കിയിരുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലി അതിര്‍ത്തി പ്രദേശങ്ങളില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ ബന്ദിയാക്കിയ 251 പേരില്‍, 49 പേര്‍ ഇപ്പോഴും തടങ്കലിലാണ്. ഇതില്‍ 27 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്രയേല്‍ പറയുന്നത്.
ഗാസയിലേക്ക് സഹായം തടസ്സമില്ലാതെ എത്തുക, ഇസ്രയേല്‍ സൈന്യം പ്രദേശത്ത് നിന്ന് പിന്മാറുക, ദീര്‍ഘകാല സമാധാനത്തിനുള്ള ‘യഥാര്‍ത്ഥ ഉറപ്പുകള്‍’ തുടങ്ങിയവയാണ് നിലവിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് പ്രധാനമായും തടസ്സമായി നില്‍ക്കുന്നതെന്നാണ് ഹമാസ് വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി വാഷിങ്ടണില്‍ ട്രംപുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചര്‍ച്ച നടത്തിയിരുന്നു. ഹമാസിനെ നശിപ്പിക്കാനുള്ള ദൃഢനിശ്ചയത്തില്‍ വിട്ടുവീഴ്ചയില്ലെങ്കിലും ഒരു വെടിനിര്‍ത്തല്‍ കരാര്‍ വരാനിരിക്കുന്നുവെന്ന് നെതന്യാഹു അറിയിച്ചിരുന്നു.