ഫുട്‌ബോൾ ആരാധകർക്ക് സന്തോഷവാർത്ത. ഈ ആഴ്ച മുതൽ 2026 ലെ ഫിഫ ലോകകപ്പ് ടിക്കറ്റുകൾ സ്വന്തമാക്കാൻ തുടങ്ങാം. ആദ്യ ടിക്കറ്റ് ലോട്ടറി പ്രോസസ് സെപ്റ്റംബർ 10 ബുധനാഴ്ച ആരംഭിച്ച് സെപ്റ്റംബർ 19 വെള്ളിയാഴ്ച അവസാനിക്കും. എന്നാൽ ടിക്കറ്റുകൾ വാങ്ങാൻ വിസ കാർഡ് ആവശ്യമാണ്.
ടിക്കറ്റുകൾ നറുക്കെടുപ്പിലൂടെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഫിഫയുടെ വെബ്‌സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം. വെബ്‌സൈറ്റിൽ അക്കൗണ്ട് സൃഷ്ടിക്കാനോ നിലവിലുള്ള അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാനോ ആവശ്യപ്പെടും. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ 60 യുഎസ് ഡോളറിലാണ് തുടങ്ങുന്നതെന്ന് ഫിഫ മുമ്പ് പ്രഖ്യാപിച്ചിരുന്നു. മറ്റ് ടിക്കറ്റ് നിരക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
പ്രാരംഭ പ്രീസെയിലിൽ ഏകദേശം ഒരു മില്യൺ ടിക്കറ്റുകൾ ഉൾപ്പെടുമെന്നാണ് പ്രതീക്ഷ. ഓരോ മത്സരങ്ങൾക്കുമായി നാല് ടിക്കറ്റുകളാണ് ആരാധകർക്ക് വാങ്ങാൻ സാധിക്കുക. പത്ത് മത്സരങ്ങൾക്ക് വരെ ഇത്തരത്തിൽ ടിക്കറ്റുകൾ വാങ്ങാം. ആദ്യ ഘട്ടത്തിലേക്കുള്ള ടിക്കറ്റുകൾ വിസ ക്രെഡിറ്റ് കാർഡ്, വിസ ഡെബിറ്റ് കാർഡ് അല്ലെങ്കിൽ വിസ റീലോഡബിൾ പ്രീപെയ്ഡ് കാർഡ് വാങ്ങാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.







